നടി ആക്രമിക്കപ്പെട്ട സംഭവം: മാധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് വയറലാകുന്നു

0
319

നടി അക്രമിക്കപ്പെട്ട സംഭവത്തിൽ മാധ്യമ പ്രവർത്തകൻ ടി.എം. ഹർഷന്റെ ഫേസ്ബുക്ക് കുറിപ്പ് വയറലാകുന്നു. ആക്രമിക്കപ്പെട്ട നടി തന്നെ കുഴപ്പക്കാരിയാണെന്നു ചിത്രകരിക്കാനുള്ള ദിലീപ്, സലീം കുമാർ, നാദിർഷ, അജു വർഗീസ് എന്നിവരുടെ ശ്രമം കണ്ടാൽ മതി ഇവർ മരയൂളകളുടെ സംഘമാണെന്ന് മനസിലാക്കാൻ എന്നു ഹർഷൻ പറയുന്നു. എന്തിനായിരിക്കും ദിലീപ് ആ നടിയെ പിന്നെയും അധിക്ഷേപിക്കുന്നതെന്നും ഹർഷൻ ചോദിക്കുന്നു. ഹർഷന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

# ആക്രമിയ്ക്കപ്പെട്ട നടിതന്നെയാണ് കുഴപ്പക്കാരിയെന്നും അവരുടെ ചീത്ത കൂട്ടുകെട്ടുകളാണ് ലെെംഗികപീഡനമുണ്ടാവാൻ കാരണമെന്നും ആക്ഷേപിച്ച് സ്ഥാപിച്ചെടുക്കാൻ നടൻ ദിലീപ് റിപ്പോർട്ടർ ന്യൂസ് നെെറ്റിൽ നടത്തിയ വൃത്തികെട്ട ശ്രമം..,

# ആക്രമിയ്ക്കപ്പെട്ട നടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണം’ എന്ന ദിലീപിൻ്റെ നൻപൻ സലിം കുമാറിൻ്റെ സ്ത്രീവിരുദ്ധവും മനുഷ്യത്വമില്ലാത്തതുമായ പരാമർശം..,

# ആക്രമിയ്ക്കപ്പെട്ട നടിയോട് ഐക്യപ്പെട്ട മലയാളസിനിമയിലെ മനുഷ്യത്വം നശിയ്ക്കാത്ത ഒരു വലിയ വിഭാഗത്തെ സംശയത്തിലാക്കാൻ ദിലീപിൻ്റെ പങ്കാളി നാദിർഷാ നടത്തുന്ന കുത്സിതശ്രമം..,

# കേസന്വേഷണം നിർണായക ഘട്ടത്തിലായിരിയ്ക്കെ നടിയുടെ പേര് ആവർത്തിച്ചുവെളിപ്പെടുത്തി അവരെ സമ്മർദ്ദത്തിലാക്കാൻ ദിലീപിൻ്റെ ശിങ്കിടി അജു വർഗ്ഗീസ് പ്രയോഗിച്ച ക്രിമിനൽ ബുദ്ധി.

ഇത്രയും മതി ഇവർ മരയൂളകളുടെ ഒരു സംഘമാണെന്ന് ഉറപ്പിയ്ക്കാൻ.

ദിലീപാണ് ആക്രമണത്തിനുപിന്നിലെന്ന് ആരും ആരോപിച്ചിട്ടില്ല.പക്ഷേ ആരാണ് ആക്രമിയ്ക്കപ്പെട്ട നടിയെ ആർക്കും ആക്രമിയ്ക്കാവുന്ന പരുവത്തിലാക്കിയത് എന്ന കാര്യം ചർച്ച ചെയ്യപ്പെടണ്ടേ…?
സിനിമയിൽ തകർക്കാൻ ശ്രമിച്ചവരുണ്ടെന്നും അവരല്ലാതെ വേറെ ശത്രുക്കളില്ലെന്നും ആക്രമിയ്ക്കപ്പെട്ട നടി ആവർത്തിയ്ക്കുമ്പോൾ അതാരൊക്കെയാണെന്ന് അന്വേഷിയ്ക്കേണ്ടതില്ലേ..?
പൾസർ സുനി ക്രിമിനലാണ്,
അതുകൊണ്ടുതന്നെ അവൻ വെളിപ്പെടുത്തുന്നതൊക്കെ തൊണ്ടതൊടാതെ വിഴുങ്ങാൻമാത്രം വിഡ്ഢികളല്ല കേരളത്തിലെ പോലീസ്.
പക്ഷേ അവൻ നടത്തുന്ന വെളിപ്പെടുത്തലിൻ്റെ സാധ്യതയും വസ്തുതയും പരിശോധിയ്ക്കപ്പെടേണ്ടതല്ലേ..?
കുറഞ്ഞ പക്ഷം ദിലീപിനെ നാട്ടുകാർ സംശയിക്കാതിരിയ്ക്കാനെങ്കിലും ആ അന്വേഷണം സഹായിക്കില്ലേ..?

ചെയ്യാത്ത കുറ്റത്തിന് ആരോപണവിധേയനാവേണ്ടിവരിക സങ്കടകരമാണ്.പക്ഷേ അങ്ങനൊരവസ്ഥയിൽപ്പെട്ട ആൾക്കുപോലും ആക്രമിയ്ക്കപ്പെട്ട ആളെ അപഹസിയ്ക്കാനും ആക്ഷേപിയ്ക്കാനും ഒരവകാശവുമില്ല.
അതറിയാത്ത ആളൊന്നുമല്ല ദിലീപ്.
പിന്നെന്തിനായിരിയ്ക്കും ദിലീപ് ആ നടിയെ പിന്നെയും അധിക്ഷേപിയ്ക്കുന്നത്…?
അവർ മിത്രങ്ങളല്ലെന്നുമാത്രമല്ല, ശത്രുക്കളാണ് എന്നതാണ് ഉത്തരം.

മലയാളസിനിമയെയും,
പേരിൽമാത്രം അമ്മയുടെ കരുതൽ പേറുന്ന അവരുടെ സംഘടനയെയും വിരൽത്തുമ്പിൽ നിർത്തുന്ന ദിലീപിൻ്റെ ശത്രു സ്വാഭാവികമായും ഒരു സോഫ്റ്റ് ടാർഗറ്റാണെന്ന് തിരിച്ചറിയാൻ പൾസർ സുനിയെപ്പോലുള്ള ഒരു ക്രിമിനലിൻ്റെ തലച്ചോറിന് അധികം മെനക്കെടേണ്ടിവരില്ല.
ആ യാഥാർത്ഥ്യം ചർച്ച ചെയ്യപ്പെട്ട സൂപ്പർ പ്രെെം ടെെമിൻ്റെ അവതാരകനായ വേണുവിനെ ഫ്ലൂട്ടെന്ന് വിളിച്ച് ആക്രമിയ്ക്കാനും വളിച്ചുകുഴഞ്ഞ വായ്ത്താളം നടത്താനും വിശദമായ അഭിമുഖം തന്നെ മനോരമ ഓൺലെെനിൽ ‘സൃഷ്ടിച്ച’ പുലിയത്രേ ദിലീപ്.
ആരാണ് നടിയെ മലയാളസിനിമയിൽനിന്ന് പുറത്താക്കാനും അവരുടെ അവസരങ്ങൾ തട്ടിത്തെറിപ്പിയ്ക്കാനും ശ്രമിച്ചതെന്നും അയാൾക്ക് ആക്രമണത്തിൽ പങ്കുണ്ടോ എന്നും ചർച്ചയാവുകതന്നെ ചെയ്യും, അക്കാര്യത്തിൽ ഒരു സംശയവും വേണ്ട.

ദിലീപേ…
ഒരു സ്ത്രീ…അവരാരുമാവട്ടെ.,
നടിയോ വിദ്യാർത്ഥിയോ ഡോക്ടറോ കൂലിപ്പണിക്കാരിയോ ആരുമാവട്ടെ.
അവർ ആക്രമിയ്ക്കപ്പെടുന്നു,
ലെെംഗികമായി പീഡിപ്പിയ്ക്കപ്പെടുന്നു.
അസാമാന്യമായ ധീരതയോടെ ‘ഞാൻ ആക്രമിയ്ക്കപ്പെട്ടിരിയ്ക്കുന്നു’ എന്ന് വിളിച്ചുപറയാൻ തയ്യാറാവുകയും അക്രമികളെ ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന ആ സ്ത്രീ ഈ സമൂഹത്തിൽ ചില ഇളക്കിപ്പണികൾ നടത്തിയിട്ടുണ്ട്.
ഇവിടെ നമുക്കറിയാവുന്ന ആ യുവതി ഇടറാതെ നടത്തിയ ഇടപെടലിൻ്റെ ആഴവും കരുത്തും മനസ്സിലാവാൻ പിന്നീട് നടി പാർവ്വതി പറഞ്ഞത് ഓർത്താൽ മതിയാകും.പുതുതലമുറയിൽ അഭിനയത്തിലൂടെയും ആർജ്ജവത്തിലൂടെയും പേരുകേട്ട പാർവ്വതിയ്ക്ക് പോലും ‘മുമ്പ് ഞാനും ഇതുപോലെ ആക്രമിയ്ക്കപ്പെട്ടിരുന്നു’ എന്ന് വെളിപ്പെടുത്താൻ ദിലീപ് പറഞ്ഞ ആ ‘ചീത്തക്കുട്ടിയുടെ’ ധീരതയുടെ തണൽ വേണ്ടിവന്നു.

അതുകൊണ്ട് ഒന്നടങ്ങ്.
ദിലീപ് പ്രതിയാണെന്ന് ആരും ആരോപിച്ചിട്ടില്ല,ദിലീപ് പ്രതിയാവില്ലെന്നും ഇപ്പോൾ പറയുന്നില്ല. പക്ഷേ അന്വേഷണത്തിൻ്റെ തുടർച്ചയിൽ നടിയുടെ ശത്രുവിനെക്കുറിച്ചുള്ള സംസാരം സ്വാഭാവികമായും ഉയരും.
അയാൾക്ക് പങ്കാളിത്തമുണ്ടെന്ന് വെളിപ്പെടുത്തലുണ്ടായാൽ അതും ചർച്ചയാകും.അതിനോടൊക്കെ രാഷ്ട്രീയമായ ശരികേടോ വിവരക്കേടോ ഒക്കെ ആയുധമാക്കി പോരിനിറങ്ങുന്നത് കാലം പൊറുക്കാത്ത പ്രവർത്തിയാണ്.
…………..
ഇതിനിടെ ഞാം എന്നോട് തന്നെ :
ആരോടാടാ മലരേ നീയിതൊക്കെപ്പറേന്നത്..?
ഇമ്മാരോടോ…!!! ആ…ബെസ്റ്റ്..!!!!
പോയി വല്ല പണീം ചെയ്യെടാ…