നഴ്സുമാരുടെ ശന്പള വർധനവ്: ചർച്ച പരാജയം

0
100

തിരുവനന്തപുരം: നഴ്സുമാരുടെ ശന്പള വർധനവ് വിഷയത്തിൽ ഇന്ന് നടന്ന ചർച്ചയിലും തീരുമാനമായില്ല. തിരുവനന്തപുരത്ത് ലേബർ കമ്മീഷണറുടെ അധ്യക്ഷതയിലാണ് ഇന്ന് ചർച്ച നടന്നത്. ശന്പള വർധനവിൽ തീരുമാനമായില്ലെങ്കിലും സർക്കാർ തലത്തിൽ ചർച്ചകൾ തുടരാൻ നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സ് അസോസിയേഷനും (യുഎൻഎ) മാനേജ്മെന്‍റ് പ്രതിനിധികളും ധാരണയായി. ചർച്ചകൾ സർക്കാർ തലത്തിൽ തുടരുമെന്ന് ലേബർ കമ്മീഷണറും അറിയിച്ചു.

മിനിമം വേതനം 20,000 രൂപയെങ്കിലും ലഭിക്കണമെന്ന ആവശ്യമാണ് നഴ്സുമാർ ചർച്ചയിൽ ഉന്നയിച്ചത്. എന്നാൽ 12,000 രൂപ വരെയെ നൽകാൻ കഴിയൂ എന്നാണ് മാനേജ്മെന്‍റ് പ്രതിനിധികളുടെ നിലപാട്. 80 മുതൽ 100 ശതമാനം വരെ ആവശ്യപ്പെടുന്ന ശന്പള വർധനവ് താങ്ങാനാവില്ലെന്നും മാനേജ്മെന്‍റുകൾ നിലപാടെടുത്തു.

ഇന്നത്തെ ചർച്ചയിൽ തീരുമാനമായില്ലെങ്കിലും മന്ത്രിതല ചർച്ചകൾ വരെ പണിമുടക്കിയുള്ള സമരമില്ലെന്ന് യുഎൻഎ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ബുധനാഴ്ച മുതൽ സെക്ട്രട്ടറിയേറ്റ് പടിക്കലും ജില്ലാ കേന്ദ്രങ്ങളിലും നിരാഹാര സമരം തുടങ്ങുമെന്നും നഴ്സുമാരുടെ സംഘടന പ്രതിനിധികൾ പ്രഖ്യാപിച്ചു.