നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ജയിലിലെ ഫോണ്‍ ഉപയോഗത്തെ കുറിച്ച് അന്വേഷിക്കുന്നു. ജയില്‍ വകുപ്പ് സംഭവത്തില്‍ പ്രാഥമിക അന്വേഷണം തുടങ്ങി. ജയില്‍ സൂപ്രണ്ടിനാണ് അന്വേഷണ ചുമതല. ജയിലില്‍ നിന്നാണ് സുനി ഫോണിലൂടെ ഭീഷണി മുഴക്കിയത്. ദിവസങ്ങള്‍ക്കകം ഫോണ്‍ ജയിലിന് പുറത്തെത്തിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സുനി ഫോണ്‍ ചെയ്യുമ്പോള്‍ സഹതടവുകാര്‍ സെല്ലിന് പുറത്ത് കാവല്‍ നിന്നതും അന്വേഷിക്കും.
സുനി ജയിലില്‍ ഉപയോഗിച്ചിരുന്ന ഫോണും സിംകാര്‍ഡും ഇന്നലെ കണ്ടെത്തിയിരുന്നു. തമിഴ്നാട്ടിലെ വിലാസത്തിലുള്ളതാണ് സിംകാര്‍ഡ്. ഗള്‍ഫില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നിരിക്കുന്നത്. ദിലീപിന്റെ മാനേജരെയും നാദിര്‍ഷയെയും വിളിച്ചത് ഈ ഫോണില്‍ നിന്നാണ്. ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. ഫോണ്‍ എത്തിച്ചുവെന്ന് സംശയിക്കുന്ന വിഷ്ണുവിന്റെയും സുനിയുടെയും മൊഴികളില്‍ വൈരുധ്യമുള്ളത് പോലീസിനെ കുഴക്കുന്നുണ്ട്.
പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിച്ചത് വിഷ്ണുവാണെന്നാണ് സംശയിക്കുന്നത്. പോലീസ് അറിയാതെ ഷൂവില്‍ ഒളിച്ച് കടത്തിയാണ് ഫോണ്‍ എത്തിച്ചത്. ഇതെല്ലാം ജയില്‍ വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ പരിധിയില്‍ വരും.