പുതുവൈപ്പിലെ പോലീസ് അത്രിക്രമം: യതീഷ് ചന്ദ്ര ഹാജരാകാണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

0
191

പുതുവൈപ്പില്‍ ഐ.ഒ.സിയുടെ എല്‍.പി.ജി. പ്ലാന്റിനെതിരായ ജനകീയ സമരത്തില്‍ പങ്കെടുത്തവരെ ക്രൂരമായി കൈകാര്യം ചെയ്ത പോലീസ് നടപടിയില്‍ ഡി.സി.പി. യതീഷ് ചന്ദ്രയോട് ഹാജരാകാന്‍ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശം. ജൂലൈ 17ന് ഹാജരാകണമെന്നാണ് കമ്മിഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഹാജാരാകാനുള്ള സമയം നീട്ടണമെന്ന് യതീഷ് ചന്ദ്ര കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. പുതുവൈപ്പ് ഐ.ഒ.സി. പ്ലാന്റിനെതിരെ സമരം നടത്തിയവര്‍ക്ക് നേരെ പോലീസ് സ്വീകരിച്ച നടപടിയെ കുറിച്ച് യതീഷ് ചന്ദ്ര വിശദീകരണം നല്‍കണമെന്നും കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതിക്രമത്തെ ന്യായീകരിക്കാനാണ് പ്രധാനമന്ത്രിക്കു ഭീഷണിയുണ്ടായിരുന്നെന്ന വാദമെന്നും പോലീസിന് ആരെയും ശിക്ഷിക്കാന്‍ അധികാരമില്ലെന്നും കമ്മിഷന്‍ അധ്യക്ഷന്‍ പി.മോഹന്‍ദാസ് പറഞ്ഞു. മാധ്യമങ്ങളിലൂടെ കണ്ടത് ന്യായീകരിക്കാന്‍ പോലീസ് മേലുദ്യോഗസ്ഥരും ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സമരക്കാര്‍ക്ക് നേരെയുള്ള പോലീസിന്റെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ പോലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന നിലപാടായിരുന്നു ഡി.ജി.പി. സെന്‍കുമാര്‍ സ്വീകരിച്ചത്. യതീഷ് ചന്ദ്രയ്ക്കെതിരെ പറയാന്‍ മുഖ്യമന്ത്രിയും തയാറായിരുന്നില്ല.