തിരുവനന്തപുരം: യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച സംഭവം നിരന്തര പീഡനം മൂലമാണെന്ന് പരാതി. മുദാക്കല്‍ പഞ്ചായത്ത് പൊയ്കമുക്ക് പാറയടി പുലരിയില്വീട്ടില് പുഷ്പരാജന്റെ മകള്‍ പ്രവീണ(22) കഴിഞ്ഞ 19 ന് തൂങ്ങി മരിച്ചിരുന്നു. യുവതിയുടെ ആത്മഹത്യക്ക് കാരണം പീഡനമാണെന്ന് കാണിച്ച് പിതാവ് ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്കി.
2016 ജനുവരി 21നാണ് പാറയടി അഭയം വീട്ടില്‍ പട്ടാളക്കാരനായ ഉല്ലാസുമായി യുവതിയുടെ വിവാഹം നടന്നത്. പിന്നീട് സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടു പ്രവീണയെ ഭര്‍തൃവീട്ടുകാര്‍ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി പിതാവ് പരാതിയില്‍ പറയുന്നു. ഒരാഴ്ചയായി ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍ വന്നുനിന്ന മകള്‍ മരിച്ച ദിവസമാണ് ഭര്‍തൃഗൃഹത്തിലേയ്ക്കു പോയത്. ഈ മാസം 19 വരെയായിരുന്നു യുവതി സ്വന്തം വീട്ടിലുണ്ടായിരുന്നത്.
എന്നാല്‍ അന്ന് 6.45 ന് ഭര്‍തൃഗൃഹത്തിലേക്ക് പോയ യുവതി തൂങ്ങി മരിച്ചതായി ഒന്‍പതരയോടെ ഉല്ലാസിന്റെ മാതാവ് ലളിത പ്രവീണയുടെ മാതാവിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഒരാഴ്ച വീട്ടിലുണ്ടായിരുന്നപ്പോള്‍ മകള്‍ അവിടുത്തെ പീഡനങ്ങളെ കുറിച്ച് പറഞ്ഞിരുന്നെന്നും പിതാവ് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
മകള്‍ക്കു നല്കിയ മൂന്നര സെന്റ് വസ്തു വില്‍ക്കണമെന്നാവശ്യപ്പെട്ടു ഭര്‍ത്താവും വീട്ടിലുള്ള ഭര്‍ത്താവിന്റെ മാതാവ് ലളിതയും ഭര്‍തൃ സഹോദരന്റെ ഭാര്യ സിന്ധുവും നിരന്തരം പ്രവീണയെ പീഡിപ്പിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ആറ്റിങ്ങള്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയിതിട്ടുണ്ട്. തുടരന്വേഷണം നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു.