ബി.സി.സി.ഐയുടെ നിസ്സഹകരണം: വിനോദ് റായ് രാജിവച്ചേക്കും

0
103

ലോധ കമ്മറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പിലാക്കാന്‍ ബി.സി.സി.ഐ. തയാറായില്ലെങ്കില്‍ അഡ്മിനിസ്ട്രേറ്റര്‍ കമ്മിറ്റി അധ്യക്ഷസ്ഥാനം വിനോദ് റായ് രാജിവച്ചേക്കുമെന്ന് സൂചന. റായി ഇതിനോട് പ്രതികരിച്ചിട്ടില്ലെങ്കിലും അദ്ദേഹവുമായി അടുത്ത വൃത്തങ്ങളാണ് ഈ സൂചന നല്‍കുന്നത്.

‘റായ് അദ്ദേഹത്തിന്റെ ചുമതലകള്‍ പൂര്‍ണമായും സത്യസന്ധതയോടെയാണ് ചെയ്യുന്നത്. സുപ്രിം കോടതി ഉത്തരവ് നടപ്പാക്കി കിട്ടുന്നതിന് ബി.സി.സി.ഐ. അംഗങ്ങളുടെ പിന്നാലെ കൂടലല്ല അദ്ദേഹത്തിന്റെ ജോലി. പല സുപ്രധാന ചുമതലകളും മാറ്റിവെച്ചാണ് ബി.സി.സി.ഐ. ഭരണസമിതി സ്ഥാനം റായ് ഏറ്റെടുത്തത്. ബി.സി.സി.ഐ. ഇതേ നില തുടരുകയാണെങ്കില്‍ സെപ്തംബറോടെ ഈ ചുമതലകളില്‍നിന്ന് ഒഴിയാനാണ് റായിയുടെ ആലോചന.’ റായുടെ അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ക്രിക്കറ്റിനെ ശുദ്ധീകരിക്കാനുള്ള ലോധ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കില്ലെന്ന നിലപാടിലാണ് ആദ്യം മുതല്‍തന്നെ ബി.സി.സി.ഐ. റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കുമോ എന്നറിയാന്‍ സെപ്തംബര്‍ വരെ കാത്തിരിക്കാനാണ് വിനോദ് റായിയുടെ തീരുമാനം. ഇതിനകം ഉണ്ടായില്ലെങ്കില്‍ സെപ്തംബറോടെ അദ്ദേഹം പദവി ഒഴിഞ്ഞേക്കും.

ഈ വര്‍ഷം ജനുവരിയിലാണ് പുതിയ ഭരണസമിതിയെ സുപ്രിം കോടതി നിയോഗിച്ചത്. സമിതി അംഗമായിരുന്ന രാമചന്ദ്രഗുഹ കഴിഞ്ഞമാസം രാജിവച്ചിരുന്നു. ഇതോടെ സമിതിയുടെ അംഗ സംഖ്യ മൂന്നായി. സമിതിയുടെ മറ്റൊരു അംഗമായ വിക്രം ലിമായി നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് മേധാവിയായി അടുത്തമാസം ചുമതലയേക്കും. അതിനായി ക്രിക്കറ്റ് അഡ്മിനസ്ട്രേറ്റര്‍ പദവി രാജിവക്കുമെന്നാണ് സൂചന.