ഭീകരവാദത്തെ തുടച്ചുനീക്കുമെന്ന് ഇന്ത്യയും അമേരിക്കയും

0
87


വാഷിങ്ടൺ: ഭീകരവാദത്തിന് എതിരെയുള്ള പോരാട്ടത്തിൽ സഹകരിച്ച് പ്രവർത്തിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അറിയിച്ചു. വൈറ്റ്ഹൗസിൽ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇരുവരും ഇക്കാര്യങ്ങൾ പറഞ്ഞത്.

ഭീകരവാദത്തെ തുടച്ചു നീക്കുന്ന പോരാട്ടത്തിൽ അമേരിക്കയുടെ സുപ്രധാന പങ്കാളിയാണ് ഇന്ത്യ. എല്ലാ തരത്തിലുള്ള ഭീകരതയേയും ഇല്ലാതാക്കുകയാണ് ലക്ഷ്യം- മോദിയും ട്രംപു പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വിവിധ മേഖലകളിലേയ്ക്ക് വ്യാപിച്ചിട്ടുണ്ട്. അത് തുടരുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കും. ഇന്ത്യയുടെ പരിവർത്തനത്തിൽ യു.എസ് മുഖ്യപങ്കാളിയായിരിക്കും. സുരക്ഷാവെല്ലുവിളികളിൽ ഇരുരാജ്യങ്ങളും സഹകരണം വർദ്ധിപ്പിക്കും. അഫ്ഗാന്റെ പുനർനിർമാണം ഇന്ത്യയുടെ പ്രധാന വിഷയമാണ്. ഇക്കാര്യത്തിൽ യു.എസിന്റെ ഉപദേശവും സഹകരണവും ഇന്ത്യ തേടും. മോദി പറഞ്ഞു.
സാങ്കേതിക മേഖലയുടെ വളർച്ചയും കൂടുതൽ തൊഴിലവസരങ്ങൾ  സൃഷ്ടിക്കുവാനുമെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുന്നതിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മോദി അറിയിച്ചു.

മോദിയെ പോലൊരു പ്രഗദ്ഭനായ ഭരണാധികാരിക്ക് ആതിഥ്യമരുളാനായത് വലിയ അംഗീകാരമാണ്. അമേരിക്കയുടെ പക്കൽ നിന്ന് ഇന്ത്യ സൈനികസാമഗ്രികൾ വാങ്ങാൻ തീരുമാനിച്ചതിൽ ട്രംപ് നന്ദി അറിയിച്ചു. മോദിയെ സ്വാഗതം ചെയ്യാൻ ട്രംപിനൊപ്പം പ്രഥമ വനിത മെലനിയ ട്രംപും എത്തിയിരുന്നു.
ഇന്ത്യ-യുഎസ് ബന്ധത്തിലെ ചരിത്രമുഹൂർത്തമെന്നാണ് കൂടിക്കാഴ്ചയെപ്പറ്റി മോദി വിശേഷിപ്പിച്ചത്.