മത്സ്യം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം: നിരവധിപേർ ചികിത്സതേടി

0
109

ആലപ്പുഴ: കുട്ടനാട്ടിലും സമീപ പ്രദേശങ്ങളിലും മത്സ്യം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. 45 പേരാണ് ഇതിനോടകം ചികിത്സ തേടിയത്. മത്സ്യം കഴിച്ചതിനു പിന്നാലെ വയറു വേദനയും കൈ വേദനയും അനുഭവപ്പെട്ടെന്നാണ് പലരും പറയുന്നത്. ചികിത്സ തേടിയിട്ടും അസ്വസ്ഥതകൾ അവസാനിച്ചിട്ടില്ലെന്നാണ് പലരും പറയുന്നത്. പുളിങ്കുന്ന് അമ്മനാപ്പള്ളിയിലെ നാൽപ്പത് പേരും മങ്കൊമ്പിൽ നാലു പേരും കാവാലത്ത് ഒരാളുമാണ് ചികിത്സ തേടിയിരിക്കുന്നത്. മത്സ്യം കഴി‌ച്ചതിന് പിന്നാലെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് ഇവർ പറയുന്നത്.

രണ്ടാഴ്ച മുമ്പ് ബൈക്കിൽ വ്യാപാരം നടത്തുന്നയാളിൽ നിന്ന് മത്സ്യം  വാങ്ങി കഴിച്ചതിന് പിന്നാലെയാണ് അമ്മനാപ്പള്ളിയിലെ പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കേര മത്സ്യത്തിന്റെ തലയാണെന്ന് പറഞ്ഞ് ഇയാൾ കൊണ്ടു വന്ന മത്സ്യമാണ് ഇവർ വാങ്ങിയത്. മുറിക്കുമ്പോൾ തന്നെ കൈകൾക്ക് ചൊറിച്ചിൽ അനുഭവപ്പെട്ടിരുന്നതായി ഇവർ പറഞ്ഞു. കഴിച്ചതിനു പിന്നാലെ ശരീര വേദനയും വയറു വേദനയും അനുഭവപ്പെട്ടു. രണ്ടാഴ്ച പിന്നിട്ടിട്ടും അസ്വസ്ഥതകൾ അവസാനിച്ചിട്ടില്ലെന്നാണ് ഇവർ പറയുന്നത്. പമ്പയാറിൽ നിന്നു പിടിച്ച കൊഞ്ച് കഴിച്ചാണ് കഴിഞ്ഞ ദിവസം മങ്കൊമ്പിൽ പലർക്കും ഭക്ഷ്യവിഷബാധയേറ്റത്. ശക്തമായ ഛർദിയെയും വയറിളക്കത്തെയും തുടർന്ന് ഒരുകുടുംബത്തിലെ നാലുപേർ ചികിത്സ തേടിയിരിക്കുകയാണ്.

രാത്രിയിൽ തീറ്റിയിട്ട് പിടിച്ച കൊഞ്ച് കഴിച്ചവർക്കാണ് പ്രശ്നം ഉണ്ടായത്. പിടിക്കുമ്പോൾ കൊഞ്ച് മയങ്ങിയ നിലയിലായിരുന്നുവെന്നും ഇവർ പറയുന്നു. അയല കഴിച്ചാണ് കാവാലം സ്വദേശി ചികിത്സ തേടിയത്. അയല കഴിച്ചതിനെ തുടർന്ന് ശരീരം ചൊറിഞ്ഞ് തടിക്കുന്ന അവസ്ഥയിലായി. തുടർന്നാണ് ചികിത്സ തേടിയത്. ജലാശയങ്ങളിൽ വിഷം കലക്കി മീൻ പിടിക്കുന്ന സംഭവം സ്ഥലത്ത് വ്യാപകമാണെന്ന പരാതി നേരത്തെ തന്നെ ഉയർന്നിരുന്നു. ഇത്തരത്തിൽ മീൻ പിടിച്ചവരെ നാട്ടുകാർ തന്നെ പോലീസിൽ ഏൽപ്പിച്ചിരുന്നു. എന്നാൽ ഇവർക്കെതിരെ നടപടി ഉണ്ടായില്ല. കൂടാതെ രാസവസ്തുക്കൾ തളിച്ച മത്സ്യം പ്രദേശത്ത് വിൽപ്പന നടത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്. രാത്രികാലങ്ങളലാണ് വിഷം കലക്കി മീൻ പിടിത്തം നടക്കുന്നതെന്നും ഇവർ പറയുന്നു.