മുംബൈ ജയിലിലെ കലാപം തടവുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയതിന്റെ പേരില്‍

0
117

തടവുകാരിയെ സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ ലാത്തികയറ്റി അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് മുംബൈയിലെ ബൈക്കുള ജയിലില്‍ സഹതടവുകാര്‍ കലാപമുണ്ടാക്കിയത്. ഈ കലാപത്തെ തുടര്‍ന്നാണ് ജയിലിലെ വനിതാ ജയില്‍ വാര്‍ഡന്‍മാരുടെ ക്രൂരകൃത്യം പുറംലോകം അറിയുന്നത്. ജയിലിലുണ്ടായ സംഘര്‍ഷത്തില്‍ 200 തടവുകാര്‍ക്കെതിരേ കേസെടുത്തിരുന്നു. ഈ കേസിലാണ് മകള്‍ ഷീനാ ബോറയുടെ കൊലയുമായി ബന്ധപ്പെട്ട കേസില്‍ വിചാരണത്തടവില്‍ക്കഴിയുന്ന മാധ്യമ സംരംഭക ഇന്ദ്രാണി മുഖര്‍ജിയെയും കഴിഞ്ഞ ദിവസം പ്രതിചേര്‍ത്തത്.

മഞ്ജുള ഷെട്ടെയെന്ന 38കാരിയാണ് മുംബൈ ജയിലില്‍ അതിക്രൂരമായി കൊല്ലപ്പെട്ടത്. ജൂണ്‍, 23ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. രണ്ട് കഷ്ണം മുട്ടയും, അഞ്ച് ബ്രെഡിന്റെ കഷ്ണങ്ങളും കാണാനില്ലെന്ന കുറ്റമാരോപിച്ചായിരുന്നു ജയില്‍ വാര്‍ഡന്‍മാരുടെ പീഡനം.

തടവുകാര്‍ക്ക് നല്‍കുന്ന റേഷനില്‍ നിന്നാണ് മുട്ടയും ബ്രെഡും കാണാതായത്. നല്ല പെരുമാറ്റത്തെ തുടര്‍ന്ന് മഞ്ജുളയായിരുന്നു സെല്ലിലെ വാര്‍ഡന്‍. ഭക്ഷണസാധനങ്ങള്‍ കാണാതായതിനെ തുടര്‍ന്ന് ജയില്‍ ഓഫീസര്‍ മനീഷാ പൊഖാക്കറുടെ സ്വകാര്യ റൂമിലേക്ക് മഞ്ജുളയെ വിളിപ്പിച്ചു. ശരീര വേദനയില്‍ പുളഞ്ഞാണ് മഞ്ജുള തിരികെ സെല്ലിലെത്തിയത്. തൊട്ടുപിന്നാലെ ഒരു കൂട്ടം ജയില്‍ അധികൃതര്‍ മഞ്ജുളയുടെ സെല്ലിലെത്തി. വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് മഞ്ജുളയുടെ വസ്ത്രം വലിച്ചൂരി. ബിന്ധു നായ്ക്കണ്ടേ, വസീമ ഷേയ്ക്ക്, ഷീതള്‍, ഷെഗോണ്‍ക്കര്‍, സുരേഖാ ഗുല്‍വേ, ആരതി സിങ്ങ് എന്നീ ഉദ്യോഗസ്ഥരായിരുന്നു അത്. ബിന്ദുവും സുരേഖയും ചേര്‍ന്ന് മഞ്ജുളയുടെ കാല്‍ ഇരുവശങ്ങളിലേക്കും നീക്കി. വസീമ സ്വകാര്യഭാഗത്തേക്ക് ലാത്തി കയറ്റി. രക്തത്തില്‍ കുളിച്ചു കിടന്ന മഞ്ജുളയെ സഹായിക്കാന്‍ ജയില്‍ അധികൃതര്‍ ആരും തയാറായില്ല. കുളിമുറിയില്‍ ബോധരഹിതയായി വീണ ശേഷമാണ് മഞ്ജുളയെ ജയില്‍ ഡോക്ടറെത്തി പരിശോധിച്ചത്. ഇതാണ് ദൃക്‌സാക്ഷി മൊഴി.

ഡോക്ടര്‍ മഞ്ജുളയെ ജെ.ജെ. ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും മഞ്ജുളയുടെ ജീവന്‍ രക്ഷിക്കാനായില്ല. 11 മുതല്‍ 13 വരെ ചതവുകള്‍ മഞ്ജുളയുടെ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മഞ്ജുളയുടെ ശ്വാസകോശം തകര്‍ന്നതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ ആറു വനിതാ ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു.

സഹോദരന്റെ ഭാര്യയെ കൊന്നകുറ്റത്തിന് ജീവപര്യന്തം ശിക്ഷയില്‍ കഴിയുന്ന ആളാണ് മഞ്ജുള. 1996ലായിരുന്നു കേസിനാസ്പദമായ സംഭവം.