മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനംകൊണ്ട് യാതൊരു പ്രയോജനവുമുണ്ടായില്ലെന്ന് കോണ്‍ഗ്രസ്

0
94

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്ക സന്ദര്‍ശനംകൊണ്ട് യാതൊരു പ്രയോജനവും രാജ്യത്തിന് ഉണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം ട്രമ്പ് നടത്തിയ ട്വീറ്റുകളെല്ലാം അമേരിക്കന്‍ രാഷ്ട്രീയത്തെക്കുറിച്ചായിരുന്നു. ഇന്ത്യ- യു.എസ്. ബന്ധത്തെക്കുറിച്ച് അദ്ദേഹം മൗനം പാലിച്ചു. ട്രമ്പിന്റെ മുന്‍ഗണന എന്താണെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ട്വീറ്റുകളെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു.

മോഡിയും ട്രമ്പുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനം നിരാശാജനകമാണ്. എച്ച് വണ്‍ ബി വിസ സംബന്ധിച്ച ഒരു പ്രഖ്യാപനവും ഉണ്ടായില്ല. അമേരിക്കയില്‍നിന്ന് ഇന്ത്യയ്ക്ക് ലഭിക്കുമെന്ന് കരുതുന്ന ഗാര്‍ഡിയന്‍ ഡ്രോണുകളെക്കുറിച്ചും പരാമര്‍ശമുണ്ടായില്ല. ഡ്രോണുകള്‍ ഇന്ത്യയ്ക്ക് ലഭിക്കാനിടയില്ലെന്ന സൂചനയാണ് ഇതു നല്‍കുന്നതെന്നും തിവാരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഇന്ത്യയിലെ സ്വകാര്യ വ്യോമയാന കമ്പനി അമേരിക്കയില്‍നിന്ന് 100 വിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നതിനെപ്പറ്റി മാത്രമാണ് ട്രമ്പ് പരാമര്‍ശിച്ചത്. ഭീകരവാദത്തെക്കുറിച്ചും വ്യത്യസ്ത നിലപാടുകളാണ് ട്രമ്പും മോഡിയും സ്വീകരിച്ചത്. പാകിസ്ഥാന്റെ പിന്തുണയോടെ നടക്കുന്ന അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെക്കുറിച്ചാണ് ഇന്ത്യയ്ക്ക് ആശങ്ക. എന്നാല്‍ ഇസ്ലാമിക ഭീകരവാദത്തെക്കുറിച്ചാണ് ട്രമ്പ് പരാമര്‍ശിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ ഉത്തരകൊറിയക്കെതിരായ നിലപാട് വ്യക്തമാക്കിയ ട്രമ്പ് പാകിസ്ഥാനെതിരെ ഒന്നും പറഞ്ഞില്ലെന്നും മനീഷ് തിവാരി ചൂണ്ടിക്കാട്ടി.