യു.പി. മുഖ്യമന്ത്രിയുടെ സംഘടനയിലെ മൂന്നുപേര്‍ പീഡനക്കേസില്‍ അറസ്റ്റില്‍

0
114

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് രൂപം കൊടുത്ത ഹിന്ദു യുവവാഹിനി സംഘടനയില്‍ പെട്ട് മുന്നുപേര്‍ പീഡനക്കേസില്‍ അറസ്റ്റിലായി. ഇവര്‍ക്കെതിരെ പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചതിനും കേസെടുത്തിട്ടുണ്ട്. അവിനാഷ്, ജിതേന്ദ്ര, പങ്കജ് എന്നിവരാണ് അറസ്റ്റിലായത്.

ഗണേഷ്നഗറില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രി നടന്ന പ്രശ്നങ്ങളാണ് സംഭവത്തിന് ആധാരം. രാത്രിയില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുവെച്ചത് ചോദ്യം ചെയ്ത ദീപക് എന്നയാളുമായി അവിനാഷ് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളുമായി ദീപക്കിന്റെ വീട്ടിലെത്തിയ അവിനാഷ് അവിടെ അക്രമം കാണിക്കുകയും സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. തുടര്‍ന്ന് അവിനാഷിനെ പോലീസ് പിടികൂടുകയും ചെയ്തു. അവിനാഷ് അറസ്റ്റിലായതിനെ തുടര്‍ന്ന് ഹിന്ദുയുവവാഹിനി നേതാക്കളായ ജിതേന്ദ്രയും പങ്കജും പ്രവര്‍ത്തകര്‍ക്കൊപ്പം പോലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധവുമായി എത്തി. ബി.ജെ.പി. പ്രദേശിക നേതാവായ ഉമേഷ് കത്താരിയയും പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ജിതേന്ദ്രയും പങ്കജും പോലീസുദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇവരുടെ ആക്രമണത്തില്‍ മായങ്ക് അറോറ എന്ന സബ് ഇന്‍സ്പെക്ടറിന് പരിക്കേറ്റു. ഈ സംഭവത്തില്‍ പ്രത്യേകം കേസെടുത്തിട്ടുണ്ട്.