റവന്യൂ മന്ത്രിയെ തള്ളി മൂന്നാറില്‍ ഉന്നതതല യോഗം; പങ്കെടുക്കേണ്ടെന്ന് സി.പി.ഐ. തീരുമാനം

0
144

റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനെ തള്ളി മൂന്നാറില്‍ ഉന്നതതല യോഗം വിളിച്ചു. റവന്യൂ സെക്രട്ടറി പി.എച്ച്.കുര്യനാണ്‌ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വിളിക്കാന്‍ നിര്‍ദേശിച്ച ജൂലൈ ഒന്നിനു തന്നെയാണ് യോഗം വിളിച്ചിരിക്കുന്നത്. ഉന്നതതല യോഗം വിളിക്കരുതെന്ന് റവന്യൂ മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇത് തള്ളിയാണ് ഉന്നതതല ഇടപെടലിലൂടെ മുഖ്യമന്ത്രിതന്നെ യോഗം വിളിപ്പിച്ചിരിക്കുന്നത്.

മന്ത്രി എം.എം.മണി ഉള്‍പ്പെടുന്ന സര്‍വകക്ഷി സംഘം മുഖ്യന്ത്രിയെ കണ്ട് മുന്നാറില്‍ വീണ്ടും സര്‍വകക്ഷി യോഗം വിളിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ മന്ത്രിയോട് യോഗം വിളിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്. പക്ഷേ ഇത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് റവന്യൂ മന്ത്രി കത്ത് നല്‍കുകയായിരുന്നു. ഈ കത്ത് തള്ളിയാണ് ഇപ്പോഴത്തെ യോഗം വിളിച്ചിരിക്കുന്നത്.

ഇതാകട്ടെ ഘടകകക്ഷിയായ സി.പി.ഐയുമായി പുതിയ പ്രശ്‌നങ്ങളിലേക്കായിരിക്കും മുഖ്യമന്ത്രിയേയും സി.പി.എമ്മിനേയും നയിക്കുക. യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഇന്ന് തിരുവനന്തപുരത്തു ചേര്‍ന്ന സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് തീരുമാനമെടുത്തത്. പാര്‍ട്ടി പ്രതിനിധികളാരും യോഗത്തില്‍ പങ്കെടുക്കേണ്ടെന്നാണ് തീരുമാനം.