വീട്ടില്‍ കള്ളനോട്ട് അടിച്ച സംഭവത്തില്‍ യുവമോര്‍ച്ച നേതാവിന് ഒളിത്താവളമൊരുക്കിയ സുഹൃത്ത് അറസ്റ്റില്‍. കേസിലെ പ്രധാനപ്രതിയെന്ന് പോലീസ് കരുതുന്ന യുവമോര്‍ച്ച കയ്പമംഗലം നിയോജകമണ്ഡലം സെക്രട്ടറി അഞ്ചാംപരുത്തി എരാശേരി രാജീവിന് (28) ഒളിത്താവളമൊരുക്കിയ സുഹൃത്ത് തൃശൂര്‍ ഒളരി എല്‍ത്തുരുത്ത് എരിഞ്ചേരി അലക്സാ(32)ണ് പിടിയിലായത്. ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും കോടതി റിമാന്‍ഡ് ചെയ്തു.
രാജീവിനെ കൂടുതല്‍ ചോദ്യംചെയ്യാനും അന്വേഷണങ്ങള്‍ക്കുമായി പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. രാജീവിന്റെ സഹോദരന് രാകേഷി(31)നെ വീട്ടില്‍നിന്ന് കള്ളനോട്ട് അടിച്ച യന്ത്രസാമഗ്രികളും 1.37 ലക്ഷം രൂപയുടെ വ്യാജകറന്‍സികളുമായി വ്യാഴാഴ്ചയാണ് അറസ്റ്റുചെയ്തത്. കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും.
വീട്ടില്‍ പരിശോധന നടക്കുമ്പോള്‍ തിരുവനന്തപുരത്തായിരുന്ന രാജീവ് സംഭവമറിഞ്ഞ് മൊബൈല്‍ഫോണ്‍ ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. ഇയാളെ സൈബര്‍സെല്ലിന്റെ സഹായത്തോടെ സുഹൃത്ത് അലക്സിന്റെ വീട്ടില്‍നിന്നാണ് ഞായറാഴ്ച രാത്രി പത്തരയോടെ അറസ്റ്റുചെയ്തു. പോലീസ് എത്തിയപ്പോഴേക്കും അലക്സ് രാജീവിനെ ഒളിപ്പിച്ചിരുന്നു. പോലീസിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് രാജീവ് തന്റെ വീട്ടിലുണ്ടെന്ന വിവരം അലക്സ് പോലീസിനെ അറിയിച്ചത്. തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥരായ ഡി.സി.ആര്.ബി. ഡി.വൈ.എസ്.പി. അമ്മിണിക്കുട്ടന്, കൊടുങ്ങല്ലൂര്‍ സി.ഐ. പി.സി. ബിജുകുമാര്‍ എന്നിവര്‍ചേര്‍ന്ന് ഇരുവരെയും അറസ്റ്റുചെയ്തത്. അലക്സിന് സംഭവവുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.