ഷോപ്പിങ് സെര്‍ച്ചില്‍ വിവേചനം: ഗൂഗിളിന് വന്‍ തുക പിഴ

0
121

ഷോപ്പിങ് താരതമ്യ സേവനത്തില്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ള സൈറ്റുകളെ മുന്നിലെത്തിക്കാന്‍ ശ്രമിച്ചതിന് ഗൂഗിളിനുമേല്‍ യൂറോപ്യന്‍ യൂണിയന്‍ വന്‍ തുക പിഴ ചുമത്തി. തെറ്റ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഗൂഗിളിന് 242 കോടി യൂറോ യൂറോപ്യന്‍ യൂണിയന്‍ പിഴ ചുമത്തി. ഇത്തരം ഒരു കുറ്റത്തിന് ഒരു കമ്പനിക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ ചുമത്തുന്ന ഏറ്റവും വലിയ പിഴത്തുകയാണിത്.

90 ദിവസത്തിനകം ഗൂഗിള്‍ സെര്‍ച്ചിലെ ഈ വിവേചനം അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ കൂടുതല്‍ പിഴ ഈടാക്കുമെന്നും കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യൂറോപ്പിലെ ഇന്റര്‍നെറ്റ് സെര്‍ച്ചിങ്ങിലെ 90 ശതമാനവും കൈയാളുന്ന ഗൂഗിള്‍ തങ്ങളുടെ ആധിപത്യം ഉപയോഗിച്ച് ഉപഭോക്താക്കളെ വഴിതെറ്റിച്ചു എന്നാണ് പ്രധാന ആരോപണം. എന്നാല്‍ ഉപഭോക്താക്കള്‍ക്കും മൊത്തക്കച്ചവടക്കാര്‍ക്കും ഓണ്‍ലൈന്‍ ഷോപ്പിങ് എളുപ്പമാക്കുകയാണ് ചെയ്തതെന്ന് ഗൂഗിള്‍ പ്രതികരിച്ചു.

യൂറോപ്യന്‍ കമ്മിഷനുമായി മറ്റ് രണ്ട് കേസുകളും ഗൂഗിളിനുണ്ട്. ഇരു കേസുകളും ഗൂഗിളിന് എതിരായാല്‍ സമാനരീതിയില്‍ വന്‍ തുക പിഴയൊടുക്കേണ്ടി വരും.