സംസ്ഥാനത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

0
58

പനിപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ ശുചീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രി ശുചീകരണത്തിന് നേതൃത്വം നല്‍കി.

സര്‍വകക്ഷിയോഗ തീരുമാനപ്രകാരം സംസ്ഥാനത്ത് 27, 28, 29 തീയതികളില്‍ ശുചീകരണത്തിന് തീരുമാനിച്ചിരുന്നു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് മൂന്നുനാള്‍ നീളുന്ന ശുചീകരണം. പകര്‍ച്ചപ്പനി തടയാന്‍ ശുചീകരണവും ദുരിതാശ്വാസവുമടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരുമായി സഹകരിച്ച് സജീവമായി രംഗത്തിറങ്ങാന്‍ എല്ലാവിഭാഗം ജനങ്ങളോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ടി പ്രതിനിധികള്‍, വിവിധ സംഘടനാനേതാക്കള്‍, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം വിവിധ പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ അണിചേര്‍ന്നു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളും അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും മാലിന്യ നീക്കത്തില്‍ പങ്കാളികളായി. കുടുംബശ്രീ- ആശാ- അങ്കണവാടി പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, വായനശാല പ്രവര്‍ത്തകര്‍, ക്ലബുകള്‍, എന്‍.സി.സി.- എന്‍.എസ്.എസ്.- സ്റ്റുഡന്റ് പോലീസ് വളന്റിയര്‍മാരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്. സര്‍ക്കാരിന്റെ പനിപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.