സെയിദ് സലാഹുദീനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു

0
84

വാഷിങ്ടൺ: കാശ്മീർ താഴ്‌വരയെ ഇന്ത്യൻസേനയുടെ ശവപ്പറമ്പാക്കി മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയ ഹിസ്ബുൾ മുജാഹിദീൻ നേതാവ് സെയിദ് സലാഹുദീനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ കൂടിക്കാഴ്ചയ്ക്ക് തൊട്ടു മുൻപായിരുന്നു പ്രഖ്യാപനം. അമേരിക്കൻ വിദേശകാര്യ വകുപ്പാണ് പ്രഖ്യാപനം നടത്തിയത്.

അമേരിക്കയിലെ ജനങ്ങൾക്കോ സുരക്ഷയ്‌ക്കോ ഭീഷണിയാകുന്ന ഭീകരപ്രവർത്തനങ്ങളുടെ കുറ്റം ചാർത്തിയാണ് സെയിദിനെ ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയത്. ആഗോളഭീകരനായി പ്രഖ്യാപിക്കുന്ന സംഘടനകളെയും വ്യക്തികളെയും അമേരിക്കയുടെയോ അമേരിക്കയുമായി ബന്ധപ്പെട്ടുള്ള രാജ്യങ്ങളുടേയോ സംഘടനകളുടെയോ സാമ്പത്തിക സംവിധാനത്തിൽനിന്ന് ഒഴിവാക്കും.

മുഹമ്മദ് യൂസഫ് ഷാ എന്നും പേരുള്ള സെയിദ് സലാഹുദ്ദീൻ 2016 സെപ്റ്റംബറിൽ കാശ്മീർപ്രശ്‌നം പരിഹരിക്കാനുള്ള സമാധാന ഉടമ്പടികൾ തള്ളിക്കളയണമെന്നും കൂടുതൽ കാശ്മീരി ചാവേറുകൾക്ക് പരിശീലനം നൽകുമെന്നും ആഹ്വാനം ചെയ്തിരുന്നു.