അംബാനിമാര്‍ക്ക് അടി തെറ്റുന്നു

0
52207

ഇന്ത്യൻ കോർപ്പറേറ്റുകൾ സോപ്പു കുമിളകൾ പോലെയാണ് എന്ന്  റിസർവ്വ് ബാങ്ക് രേഖകളും സാമ്പത്തിക പ്രസിദ്ധീകരണങ്ങളും നൽകുന്ന വിവരങ്ങൾ വ്യക്തമാക്കുന്നു

by എൻപി

ബാങ്ക് വായ്പയിൽ അടിത്തറ പണിത ഇന്ത്യൻ കോർപ്പറേറ്റ് ലോകം കിടുങ്ങുന്നു.  താമസിയാതെ അതിന്റെ തലപ്പത്തിരിക്കുന്ന അംബാനിമാരും അദാനിമാരും തകർന്ന് വീഴുമെന്നാണ് ഇന്ത്യൻ സാമ്പത്തിക രംഗത്തെ പുതിയ പ്രവണതകൾ വ്യക്തമാക്കുന്നത്.  രക്ഷപ്പെടാൻ അവർ വിജയ്മല്യയെപ്പോലെ രാജ്യം വിടേണ്ടിവരും അല്ലെങ്കിൽ അവരെ രക്ഷപ്പെടുത്താൻ രാജ്യത്തെ തകർക്കുന്ന നടപടികളുമായി ഭരണകൂടം പ്രത്യക്ഷപ്പെടേണ്ടി വരും.  ഇന്ത്യൻ കോർപ്പറേറ്റുകൾ സോപ്പു കുമിളകൾ പോലെയായിരുന്നു എന്ന് വ്യക്തമാവുകയാണ്. റിസർവ്വ് ബാങ്ക് രേഖകളും സാമ്പത്തിക പ്രസിദ്ധീകരണങ്ങളും നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ വിശകലനത്തിൽ വ്യക്തമാകുന്നത് ഇന്ത്യൻ കോർപ്പറേറ്റ് ഭീമന്മാർ ഭീകരമായ കടക്കെണിയിലും അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലും ആണെന്നാണ്. ഒടുവിൽ തങ്ങളുടെ സ്വത്ത് വിറ്റ് കടം വീട്ടാനുള്ള തീരുമാനത്തിലാണ് അവരെല്ലാം. കിട്ടാക്കടങ്ങൾ അവസാനിപ്പിച്ച് ബാങ്കുകളുടെ ബാലൻസ് ഷീറ്റ് വൃത്തിയാക്കാനുള്ള റിസർവ്വ് ബാങ്ക് തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി. പാറപോലെ  ഉറച്ച സാമ്പത്തികാടിത്തറ ഉള്ളതെന്ന് കരുതിയിരുന്നവരാണ് വസ്തു വിറ്റ് കടം വീട്ടാൻ നിർബന്ധിതരാകുന്നത്.  ഇന്ത്യൻ സാമ്പത്തിക വളർച്ചയുടെ പ്രതീകങ്ങളായി ഉയർത്തിക്കാട്ടിയിരുന്ന വിമാനത്താവളങ്ങൾ, റോഡുകൾ, തുറമുഖങ്ങൾ, ഇരുമ്പുരുക്ക് ശാലകൾ, എക്‌സ്പ്രസ് ഹൈവേകൾ തുടങ്ങിയവയിൽ ‘വില്പനക്ക്’ എന്ന ബോർഡ് തൂങ്ങുകയാണ്.

ദശലക്ഷങ്ങളുടെ വായ്പയുടെ പുറത്ത് സുഖസഞ്ചാരം നടത്തിയിരുന്ന ഇരുപതോളം  കോർപ്പറേറ്റുകൾ  റിസർവ്വ് ബാങ്കിന്റെ നടപടിയോടെ പകച്ചിരിക്കുകയാണ്-5 ലക്ഷം കോടി രൂപയാണ് അവർ ബാങ്കുകളിൽ നിന്ന് കടമെടുത്തത്.  അതിന്റെ തിരിച്ചടവ് തെറ്റിയിരിക്കുകയാണ്.
അംബാനി സഹോദരന്മാരുടെ സാമ്രാജ്യമാണ് കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന പ്രധാന സാമ്പത്തിക ഭീമൻ.  ഏറ്റവും ഒടുവിൽ ജിയോയുടെ വലയിൽ രാജ്യത്തെയാകെ കുരുക്കിയ മുകേഷ് അംബാനിയുടെ മാത്രം ബാങ്ക് വായ്പ 1.21 ലക്ഷം കോടി രൂപയാണെന്ന് റിസർവ്വ് ബാങ്ക് രേഖകൾ ഉദ്ധരിച്ച് രാജ്യത്തെ പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണങ്ങൾ ചൂണ്ടിക്കാട്ടുന്നു. പ്രതിവർഷ പലിശ 8,299 കോടി രൂപ വരും. ബാങ്ക് വായ്പയെടുത്ത് തുടങ്ങിയ പല സംരംഭങ്ങളിൽ നിന്ന്  പലിശയ്ക്കുള്ള തുക പോലും തിരിച്ചു കിട്ടുന്നില്ല.

റിസർവ്വ് ബാങ്ക് ചരട് മുറുക്കിയപ്പോൾ ബാങ്കുകൾ ചുവപ്പ് കാർഡ് കാണിച്ചതോടെ പലിശക്കുടിശിക തിരിച്ച് കൊടുക്കണമെങ്കിൽ കമ്പനി സ്വത്തിൽ നിന്ന് നല്ലൊരു ഭാഗം കയ്യൊഴിഞ്ഞേ മതിയാവൂ എന്ന അവസ്ഥയായി. അതനുസരിച്ച് തങ്ങളുടെ പകുതിയോളം സ്വത്ത് വില്ക്കാനാണ് അനിൽ അംബാനിയുടെ തീരുമാനം.  അങ്ങനെ 22,000 കോടി രൂപയുടെ മൂല്യം കണക്കാക്കുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ (Rcomm)44,000 ടെലികമ്മ്യൂണിക്കേഷൻ ടവറുകളും 8,000 കോടി രൂപയുടെ മൂല്യം മതിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ അടക്കമുള്ള അടിസ്ഥാന സൗകര്യസംവിധാനങ്ങളും വില്പനക്ക് വെച്ചിരിക്കുകയാണ്.  40,000 കോടി രൂപയോളം കടമുള്ള റിലയൻസ് കമ്മ്യൂണിക്കേഷൻസ് 2014-15 സാമ്പത്തിക വർഷം കാണിച്ച നഷ്ടം 154 കോടി രൂപയാണ്.  അടുത്ത സാമ്പത്തിക വർഷത്തിലും നഷ്ടം തുടരുമെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്.  2015 ഡിസംബർ 31 ന് കണക്കാക്കിയ റിലയൻസ് കമ്മ്യൂണിക്കേഷന്റെ സഞ്ചിത നഷ്ടം 2,000 കോടി രൂപയാണ്.  ഈ കമ്പനിയുടെ മൊത്തം മൂല്യമായ 13,440 കോടിയുടെ മൂന്ന് മടങ്ങ് വരും ഇവർക്കുള്ള ബാങ്ക് വായ്പ.  ഈ സാഹചര്യത്തിലാണ് 30,000 കോടി രൂപയുടെ സ്വത്ത് വിറ്റ് ബാധ്യത 10,000 കോടിയിലേക്ക് പരിമിതപ്പെടുത്താൻ ശ്രമിക്കുന്നത്.

25,000 കോടി രൂപയുടെ കടക്കൂനയിൽ നില്ക്കുന്ന അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാ സ്ട്രക്ചർ 2015 നവംബറിൽ തങ്ങളുടെ വൈദ്യുതോല്പാദന പ്രസരണ-വിതരണം വ്യവസായത്തിന്റെ 49 ശതമാനം ഒരു കനേഡിയൻ സ്ഥാപനത്തിന് വില്ക്കാൻ ഏർപ്പാടാക്കിയിരുന്നു.  വൈദ്യുതിവിതരണ കമ്പനിക്ക് വേണ്ടി എടുത്ത 7,000 കോടി രൂപയുടെ വായ്പ തീർക്കാനാണിത്.  പ്രധാനമായും ആർ-ഇൻഫ്രയുടെ സിമന്റ് കമ്പനി 48,000 കോടി രൂപയ്ക്ക് വില്ക്കാനാണ് പദ്ധതി.   സർക്കാരിൽ നിന്ന്പാട്ടത്തിനെടുത്ത് നിർമ്മിച്ച റോഡുകൾ 9,000 കോടി രൂപയ്ക്ക് വില്ക്കുമെന്നാണ് പറഞ്ഞ് കേട്ടിരുന്നത്.

24,000 കോടി രൂപയുടെ ബാങ്ക് ബാധ്യതയുള്ള റിലയൻസ് ക്യാപ്പിറ്റലിന്റെ ഭാഗമായ മ്യൂച്ചൽ ഫണ്ട്, ലൈഫ് ഇൻഷ്വറൻസ് ബിസിനസിൽ റിപ്പൺ ലൈഫ് ഇൻഷ്വറൻസിന് 3461 കോടി രൂപ നിക്ഷേപിക്കാൻ അനുവദിച്ചത് കടക്കെണിയിൽ നിന്ന് മുക്തിനേടാനുള്ള അനിൽ അംബാനിയുടെ വിദ്യയായിരുന്നു.  2016-17 ൽ 4,000 കോടി രൂപയുടെ വിവിധ വഴികളിലൂടെ സമാഹരിക്കാനാണ് പദ്ധതി.  അത് കിട്ടിയാൽ മാത്രമെ, വായ്പ ബാധ്യതയുടെ ഘനം കുറയ്ക്കാനാവൂ.  18,000 കോടി രൂപയാണ് റിലയൻസ് കാപ്പിറ്റലിന്റെ ബാങ്ക് വായ്പ.  നാല് വർഷം മുമ്പ് 4,000 കോടി രൂപകൊടുത്ത് കയ്യടക്കിയ ഠഢ18 നെറ്റ്‌വർക്ക് ഉൾപ്പടെയുള്ള മാധ്യമ-വിനോദ വ്യവസായത്തിൽ നിന്ന് എങ്ങനെയെങ്കിലും ഊരിപ്പോരാനാണ് അനിൽ അംബാനിയുടെ തീരുമാനം.  15,00-2,000 കോടി കിട്ടിയാൽ അതും വല്ക്കുമത്രെ.

പ്രതിരോധ വ്യവസായത്തിലേയ്ക്കുള്ള അനിൽ  അംബാനിയുടെ കൈവെപ്പും ഗുണം ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.  ഒരു വർഷം മുമ്പ് ഏറ്റെടുത്ത് റിലയൻസ് എന്ന് പേര് മാറ്റിയ പിപ്പാവാവ് ഡിഫൻസ് ആന്റ് ഓഫ്‌ഷോർ എഞ്ചിനിയറിംഗ് എന്ന സ്ഥാപനത്തിന്റെ വായ്പ 6,800 കോടി രൂപയാണെന്ന്  സാമ്പത്തിക പ്രസിദ്ധീകരണങ്ങൾ വെളിപ്പെടുത്തിയിരുന്നു.  4,895 കോടി രൂപയാണ് അതിന്റെ വിപണി മൂല്യം നിക്ഷേപത്തേക്കാൾ ഏറെ വായ്പ.

അനിലിന്റെ സഹോദരൻ മുകേഷ് അംബാനിയാണ് രാജ്യത്തെ ഏറ്റവും വലിയ കടക്കാരൻ.  2010 മാർച്ചിൽ 62,500 കോടിയായിരുന്നു മുകേഷിന്റെ കടം.  ആറ് വർഷം കൊണ്ട് വളർന്നത് 1,87,079 കോടി രൂപയായിട്ടാണ്.  ഇതിൽ ഒന്നര ലക്ഷം കോടി രൂപ ജിയോയുടെ പേരിലാണ് സൗജന്യങ്ങൾ വാരിക്കോരികൊടുത്ത് മറ്റുള്ളവരെ ഇല്ലാതാക്കാൻ ശ്രമിച്ച ജിയോ കടുത്ത മത്സരം നേരിട്ടുകൊണ്ടിരിക്കുകയാണ്.  ഈ സാഹചര്യത്തിൽ ബാങ്കുകൾ എന്ത് ചെയ്യുമെന്ന് കണ്ടറിയണം.