ആരുടേയും പക്ഷം പടിക്കാനില്ല; നടിക്ക് അമ്മയുടെ എല്ലാ സഹകരണവുമെന്ന് ഇന്നസെന്റ്

0
60

പോലീസിന്റെയും കോടതിയുടെയും പരിഗണനയിലിരിക്കുന്ന കേസില്‍ ഇപ്പോള്‍ ആരുടെയും പക്ഷം പിടിക്കാനില്ലെന്നും അമ്മയുടെ എല്ലാ സഹകരണവും നടിക്ക് ഉണ്ടാകുമെന്നും അമ്മ പ്രസിഡന്റും എം.പിയുമായ ഇന്നസെന്റ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ അമ്മയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല. ആരെങ്കിലും ഈ പ്രശ്നം ഉന്നയിച്ചാല്‍ ചര്‍ച്ച ചെയ്യുമെന്നും ഇന്നസെന്റ് പറഞ്ഞു. ബുധനാഴ്ച വൈകീട്ട് കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ച് ഏഴ് മണിക്കാണ് സംഘടനയുടെ യോഗം തുടങ്ങുക.

നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന അന്നു തന്നെ ഞാന്‍ മുഖ്യമന്ത്രിയെയും പോലീസ് മേധാവിയെയും ബന്ധപ്പെട്ടിരുന്നു. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ ആവശ്യമില്ലാത്ത പ്രസ്താവനകള്‍ പറഞ്ഞ് വിവാദമാക്കേണ്ടതില്ല. ഈ കേസിന്റെ സുഗമമായ അന്വേഷണത്തിന് വഴിയൊരുക്കേണ്ട കടമ ഞങ്ങള്‍ക്കുണ്ട്. സംഘടനയിലെ അംഗങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഒപ്പം നില്‍ക്കുമെന്നും എല്ലാ പിന്തുണയുണ്ടാകുമെന്നും ഇന്നസെന്റ് പ്രതികരിച്ചു.

വനിതാ അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച പുതിയ സംഘടനയെ സ്വാഗതം ചെയ്യുന്നുവെന്നും ഇന്നസെന്റ് വ്യക്തമാക്കി.