ആശങ്കയിലാഴ്ത്തി വീണ്ടും വാനാക്രൈ റാന്‍സംവേര്‍ ആക്രമണം

0
70

സൈബര്‍ ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തിയ വാനാക്രൈ റാന്‍സംവേര്‍ ആക്രമണം വീണ്ടും. ഇത്തവണ റഷ്യയിലും യൂറോപ്പിലുമാണ് ആക്രമണം. ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

റഷ്യയിലെ എണ്ണക്കമ്പനിയിലും യുക്രൈനിലെ അന്താരാഷ്ട്ര വ്യോമതാവളത്തിലുമാണ് കൂടുതല്‍ ആക്രമണമുണ്ടായത്. ഇരുരാജ്യങ്ങളും കംപ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

പമുഖ ജര്‍മന്‍ പോസ്റ്റല്‍ ആന്‍ഡ് ലോജിസ്റ്റിക് കമ്പനിയായ ഡ്യൂഷേ പോസ്റ്റ്, ബ്രിട്ടീഷ് പരസ്യക്കമ്പനിയായ ഡബ്ല്യു.പി.പി എന്നിവിടങ്ങളിലാണ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. തങ്ങളുടെ കമ്പ്യൂട്ടര്‍ ശൃംഖലയെ ബാധിച്ചതായി പ്രമുഖ അമേരിക്കന്‍ മരുന്നുനിര്‍മാണ കമ്പനിയായ മെര്‍ക്ക് ആന്‍ഡ് കമ്പനി ട്വീറ്റ് ചെയ്തു.

മെയിലുണ്ടായ വാനാക്രൈ ആക്രമണത്തിന് ഇന്ത്യയടക്കം നൂറു രാജ്യങ്ങള്‍ ഇരയായിരുന്നു. കമ്പ്യൂട്ടറുകളില്‍ കയറി ഫയലുകള്‍ ലോക്ക് ചെയ്യുകയും തുറക്കാന്‍ ബിറ്റ്‌കോയിന്‍ രൂപത്തില്‍ പണം ആവശ്യപ്പെടുകയുമാണ് വാനാക്രൈയുടെ രീതി.

ആക്രമണത്തിനുപിന്നില്‍ ആരാണെന്ന് ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല. ഉത്തരകൊറിയ ആണെന്ന് അമേരിക്ക ആരോപിച്ചിരുന്നു.