ഒബാമ കെയര്‍: ട്രംപിന്റെ നീക്കങ്ങള്‍ക്കു തിരിച്ചടി

0
76

വാഷിങ്ടണ്‍: അമേരിക്കയിലെ ‘ഒബാമ കെയര്‍’ ആരോഗ്യ പരിപാലന പദ്ധതിക്കു പകരം പുതിയ ആരോഗ്യനയം അവതരിപ്പിക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്കു തിരിച്ചടി. സെനറ്റില്‍ ആവശ്യമായ പിന്തുണ ഉറപ്പാക്കാന്‍ കഴിയാത്തതിനാല്‍ ഇന്നലെ നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് മാറ്റിവച്ചു.

ഈയാഴ്ച ബില്‍ അവതരിപ്പിക്കില്ലെന്നാണു റിപ്പബ്ലിക്കന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പദ്ധതിയെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ തന്നെ ഭിന്നതയുണ്ടായിരുന്നു. പുതിയ നയം നടപ്പാക്കുന്ന പക്ഷം 2026 ആകുന്നതോടെ യുഎസിലെ രണ്ടേകാല്‍ കോടിയോളം ജനങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തവരായി മാറും. ഏറെ ജനകീയമായിരുന്ന ഒബാമ കെയര്‍ പദ്ധതി പിന്‍വലിക്കാനായി ഏഴു വര്‍ഷത്തോളമായി നീക്കം നടത്തുകയായിരുന്നു റിപ്പബ്ലിക്കന്‍പക്ഷക്കാര്‍.

ഒബാമ കെയര്‍ പദ്ധതി അവസാനിപ്പിക്കും എന്നത് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഡൊണള്‍ഡ് ട്രംപിന്റെ മുഖ്യവാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ ഉത്തരവില്‍ ഒബാമ ഭരണത്തിന്റെ അവശേഷിപ്പുകളില്‍ മുഖ്യമായ ഒബാമ കെയര്‍ പദ്ധതി അവസാനിപ്പിക്കാന്‍ ട്രംപ് നിര്‍ദേശം നില്‍കിയിരുന്നു. ട്രംപിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായിരുന്നു ഒബാമ കെയര്‍ ഉടച്ചുവാര്‍ത്തുകൊണ്ടുള്ള പുതിയ ഇന്‍ഷുറന്‍സ് പദ്ധതി.

മുഴുവന്‍ അമേരിക്കക്കാര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്ന ഒബാമ കെയര്‍ പദ്ധതി, പ്രസിഡന്റ് ബറാക് ഒബാമയുടെ 2008ലെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളില്‍ മുഖ്യമായിരുന്നു. വളരെ ചെലവേറിയതും സമ്പന്നര്‍ക്കു മാത്രം താങ്ങാവുന്നതുമായി മാറിയ ആരോഗ്യ ഇന്‍ഷുറന്‍സ് സാധാരണക്കാര്‍ക്കു പ്രാപ്യമാക്കുകയായിരുന്നു ഒബാമ കെയറിന്റെ ലക്ഷ്യം. ഒബാമ 2010 മാര്‍ച്ചില്‍ ഒപ്പുവച്ച പദ്ധതിയുടെ പേര് ദ് പേഷ്യന്റ പ്രൊട്ടക്ഷന്‍ ആന്‍ഡ് അഫോഡബിള്‍ കെയര്‍ ആക്ട് എന്നായിരുന്നു. എന്നാല്‍ ഒബാമയുടെ എതിരാളികള്‍ കളിയാക്കി വിളിച്ച ‘ ഒബാമ കെയര്‍’ എന്ന പേരിനാണ് സ്വീകാര്യത ലഭിച്ചത്