സൈന്യം ചെയ്യാനുള്ള ജോലി ചെയ്യുമെന്നും കശ്മീരില്‍ സമാധാനം തിരികെക്കൊണ്ടുവരുന്നത് ഉറപ്പാക്കുമെന്നും കരസേനാ മേധാവി ബിപിന്‍ റാവത്ത്.
മിന്നലാക്രമണം അല്ലാതെ പാകിസ്ഥാനെ പാഠം പഠിപ്പിക്കാന്‍ മറ്റുവഴികളും ഇന്ത്യക്കുണ്ട്. യുദ്ധം എളുപ്പമാണെന്ന ചിന്തയാണ് പാകിസ്ഥാനുള്ളത്. നമ്മുടേത് അച്ചടക്കമുള്ള സൈന്യമാണ്, കാടന്‍മാരല്ല. ശത്രു സൈനികരുടെ തലയറുക്കണമെന്ന നിലപാടല്ല നമ്മുക്കുള്ളതെന്നും ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ റാവത്ത് വ്യക്തമാക്കി. ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ വികൃതമാക്കിയ പാക്ക് സൈന്യത്തിന്റെ കിരാത നടപടിയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഭീകരസംഘടയായ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീനെ ആഗോള ഭീകരവാദിയായി യു.എസ്. പ്രഖ്യാപിച്ചതിനെ ജാഗ്രതയോടെ കാണുകയാണെന്നും ഇക്കാര്യത്തില്‍ പാകിസ്ഥാന്റെ മനോഭാവം വ്യക്തമാകുന്നതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.