കേന്ദ്ര ജീവനക്കാർക്ക് പുതുക്കിയ ബത്ത; സൈനികരുടെ അലവൻസ് ഇരട്ടിയിലധികമാക്കി

0
343

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ അലവൻസുകൾ പരിഷ്‌കരിക്കാൻ മന്ത്രിസഭ തീരുമാനം. സൈനികരുടെയും  ആശുപത്രി ജീവനക്കാരുടെയും ഡോക്ടർമാരുടെയും അലവൻസിലും മാറ്റം വരുത്തിയിട്ടുണ്ട്. ബത്ത പുതുക്കി നിശ്ചയിച്ചുകൊണ്ട് സെക്രട്ടറിമാരുടെ ഉന്നതതല സമിതിയുടെ ശുപാർശകൾ കൂടി പരിഗണിച്ചാണ് കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്തത്. ഏഴാം ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പാക്കിയപ്പോൾ അലവൻസിന്റെ കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിരുന്നില്ല. ജീവനക്കാരുടെ സംഘടനകളുടെ പരാതിയിൽ ഇതേക്കുറിച്ച് പഠിക്കാൻ ധനകാര്യ സെക്രട്ടറി അശോക് ലവാസ അധ്യക്ഷനായ സമിതിയെ സർക്കാർ ചുമതലപ്പെടുത്തുകയായിരുന്നു. ഈ സമിതിയുടെ ശുപാർശകൾ കൂടി പരിഗണിച്ചാണ് മന്ത്രിസഭ തീരുമാനമെടുത്തത്.

34 ഭേദഗതികളോടെയാണ് ശമ്പള കമ്മീഷൻ നൽകിയ അലവൻസുകളുടെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചത്. സൈനികരുടെ സിയാച്ചിൻ അലവൻസ് പ്രതിമാസം 14,000 രൂപയായിരുന്നത് 30,000 രൂപയായി വർധിപ്പിച്ചു. സൈനിക ഓഫീസർമാരുടേത് 21,000 രൂപയിൽ നിന്ന് 42,500 രൂപയാക്കി.
പെൻഷൻകാരുടെ മെഡിക്കൽ അലവൻസ് ഇരട്ടിയാക്കി. 500 രൂപയായിരുന്നു കമ്മീഷൻ ശുപാർശ ചെയ്തിരുന്നത്. ഇത് 1000 രൂപയാക്കി വർധിപ്പിച്ചു.

കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും വീട്ടുവാടക ബത്ത ശമ്പളകമ്മീഷൻ ശുപാർശ ചെയ്ത നിരക്ക് നിലനിർത്തി. എക്‌സ്, വൈ, സെഡ് വിഭാഗങ്ങളായി അടിസ്ഥാന ശമ്പളത്തിന്റെ 24%, 16%, 8% എന്നിങ്ങനെയായിരിക്കും വീട്ടുവാടക ബത്ത ലഭിക്കുക. ഇത് യഥാക്രമം 27%, 18%, 9% എന്നീ അനുപാതത്തിൽ വർധിപ്പിക്കാൻ കമ്മിറ്റിയുടെ ശുപാർശയുണ്ടെങ്കിലും അത് അംഗീകരിച്ചില്ല.

വീട്ടുവാടക ബത്ത യഥാക്രമം 5400, 3600, 1800 എന്നിവയിൽ കുറയരുത് എന്ന ഭേദഗതി വരുത്തിയിട്ടുണ്ട്. ക്ഷാമബത്ത 50 ശതമാനവും 100 ശതമാനവുമാകുമ്പോൾ വീട്ടുവാടക ബത്ത പുതുക്കണമെന്നായിരുന്നു കമ്മീഷന്റെ ശുപാർശ. എന്നാൽ ക്ഷാമബത്ത 25 ശതമാനവും 50 ശതമാനവും കടക്കുമ്‌ബോൾ വീട്ടുവാടക ബത്ത പുതുക്കി നിശ്ചയിക്കുന്ന രീതിയിൽ സർക്കാർ മാറ്റം വരുത്തിയിട്ടുണ്ട്.

നേഴ്‌സിങ് അലവൻസ് 4800 രൂപയിൽ നിന്ന് 7200 രൂപയായി വർധിപ്പിച്ചു. ഓപ്പറേഷൻ തിയേറ്റർ അലവൻസ് 360 രൂപയായിരുന്നത് 540 രൂപയാക്കി. രോഗികളുടെ സഹായികൾക്ക് നൽകുന്ന ബത്ത 2070-2100 ആയിരുന്നത് 4100-5300 സ്ലാബിലേക്ക് ഉയർത്തി.

34 കേന്ദ്ര സർക്കാർ ജീവനക്കാർക്കും 14 ലക്ഷം പ്രതിരോധ സേനാംഗങ്ങൾക്കും അലവൻസുകൾ പുതുക്കി നിശ്ചയിച്ചതിന്റെ പ്രയോജനം ലഭിക്കും. ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലിയാണ് മന്ത്രിസഭാ തീരുമാനങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്