ഗോവധം: ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട 86%വും ഒരു പ്രത്യേക മതവിഭാഗം

0
128

പശുവുമായി ബന്ധപ്പെട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട 86%വും ഒരു പ്രത്യേക മത വിഭാഗത്തില്‍ പെട്ടവരാണെന്ന് ഇന്ത്യന്‍ സ്‌പെന്റ് കണ്ടന്റ് അനാലിസിസ് നടത്തിയ പഠനത്തില്‍ പറയുന്നു. കന്നുകാലികളുമായി ബന്ധപ്പെട്ടു നടന്ന ആക്രമണങ്ങളില്‍ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ 51%വും ഒരു പ്രത്യേക മത വിഭാഗത്തെ ലക്ഷ്യംവെച്ചായിരുന്നുവെന്ന് ഈ പഠനം കണ്ടെത്തിയിരിക്കുന്നു.

63 ആക്രമസംഭവങ്ങളാണ് രാജ്യത്തു നടന്നത്. ഇതില്‍ 28 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ 86%വും ഒരു പ്രത്യേക മതവിഭഗത്തില്‍പ്പെട്ടവരായിരുന്നു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നാണ് 63 ആക്രമസംഭവങ്ങളില്‍ 32 എണ്ണവും നടന്നിട്ടുള്ളതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2017 ജൂണ്‍ 25 വരെ നടന്ന ആക്രമസംഭവങ്ങള്‍ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

97% ആക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2014-ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണെന്ന് പഠനം പറയുന്നു.  ഇതില്‍ കൊല്ലപ്പെട്ടത് ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരായിരുന്നുവെന്നും സൂചിപ്പിക്കുന്നു. 7 വര്‍ഷത്തിനിടെ കൊല്ലപ്പെട്ട 28 പേരില്‍ 24ഉം  പ്രത്യേക മതവിഭാഗക്കാരാണ്.

ദേശീയ സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോകള്‍ ആക്രമണങ്ങളില്‍ നിന്ന് പശുവുമായി ബന്ധപ്പെട്ടുള്ള ആക്രമണങ്ങളെ വര്‍ഗീകരിക്കാത്തുകൊണ്ട് തന്നെ ഇത്തരത്തില്‍ പുറത്ത് വരുന്ന ആദ്യ റിപ്പോര്‍ട്ടാണ് ഇന്ത്യ സ്പെന്റ് ഡാറ്റ ബേസ് പുറത്ത് വിട്ടിരിക്കുന്നത്.

നടന്നിട്ടുള്ള ആക്രമണങ്ങളില്‍ 52% അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ളവയായിരുന്നു. 124 പേര്‍ക്കാണ് ആക്രമ സംഭവങ്ങളില്‍ പരിക്കേറ്റത്.

2017 ലെ ആദ്യഘട്ടങ്ങളിലാണ് പശുവുമായി ബന്ധപ്പെട്ട ആക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 20 ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2016 ലെ കണക്കനുസരിച്ച് 75% വര്‍ദ്ധനവാണ് ഉണ്ടായത്.

ഏറ്റവുംകൂടുതല്‍ ആക്രമണം നടന്നത് ഉത്തര്‍ പ്രദേശിലും ഹരിയാനയിലുമാണ്. ഉത്തര്‍പ്രദേശ് 10, ഹരിയാന 9, ഗുജറാത്ത് 6, മധ്യപ്രദേശ് 4, ഡല്‍ഹി 4, രാജസ്ഥാന്‍ 4 എന്നിങ്ങനെയാണ് കണക്കുകള്‍.

കൊലപാതകശ്രമം, കൊലപാതകം, കൂട്ട ബലാത്സംഗം, കെട്ടിയിട്ട് ക്രൂരമായ പീഡനം ഇത്തരം ആക്രമണങ്ങള്‍ പശുവുമായി ബന്ധപ്പെട്ടു നടന്നിട്ടുള്ളതാണ്. ഇതില്‍ രണ്ടുപേരെ കൊന്നു കെട്ടിതൂക്കുകയും ചെയ്തു.

നടന്ന 23 ആക്രമണങ്ങളില്‍ അക്രമികള്‍ വിശ്വ ഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍, ഗോരക്ഷാ സേന എന്നീ തീവ്ര വലതുപക്ഷ സംഘങ്ങളായിരുന്നു. കര്‍ണാടക ഒഴിച്ചുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ വളരെ കുറവേ നടന്നിട്ടുള്ളൂ.