ട്രെയിനിൽനിന്ന് പോലീസുകാരെ തള്ളിയിട്ട് രക്ഷപെടാൻ മോഷണ കേസ് പ്രതികളുടെ ശ്രമം

0
136


കായംകുളം: മോഷണക്കേസ് പ്രതികൾ ട്രെയിനിൽനിന്ന് പൊലീസുകാരെ തള്ളിയിട്ട് രക്ഷപ്പെടാൻ ശ്രമം. നിരവധി മോഷണക്കേസിലെ പ്രതികളായ തഴവാ സ്വദേശി ദിനു രംഗൻ, ശ്രീജിത്ത് എന്നിവരാണ് പോലീസുകാരെ വെട്ടിച്ചു രക്ഷപ്പെടാൻ ശ്രമിച്ചത്. ഇവരെ പോലീസ് ഓടിച്ച് പിടികൂടി. ബുധനാഴ്ച വൈകുന്നേരം കായംകുളം റയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.

പ്രതികളെ പിടികൂടുന്നതിനിടെ വീഴ്ചയിൽ തിരുവനന്തപുരം എആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ ബിനു കുമാറിന് കൈമുട്ടിന് പരിക്കേറ്റിട്ടുണ്ട്. ആലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതികളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് തിരികെ കൊണ്ടുപോകുന്നതിനിടയിലായിരുന്നു സംഭവം. ബാത്ത് റൂമിൽ കയറിയ പ്രതികൾ വാതിലിൽ കാവൽ നിന്ന പോലീസുകാരെ തള്ളിയിട്ട് രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. ട്രെയിനിൽനിന്നും ഇറങ്ങി ഓടിയ പ്രതികളെ കായംകുളം പോലീസിന്റെ സഹായത്തോടെ റയിൽവേ സ്റ്റേഷന് സമീപത്തെ റോഡിൽനിന്ന് പിടികൂടി.