താമസസ്ഥലത്തിനൊപ്പം തൊഴിലവസരവും ട്രാൻസ് ജെൻഡറുകൾക്ക് ഉറപ്പാക്കണം: ഐസക്

0
154

തിരുവനന്തപുരം: കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് താമസ സൌകര്യമൊരുക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ തിരുവനന്തപുരം പ്രാദേശികകേന്ദ്രത്തിലെ മലയാളവിഭാഗവും സംസ്ഥാന യുവജന കമീഷനും സംയുക്തമായി സംഘടിപ്പിച്ച ‘ലിംഗപദവി, ലിംഗനീതി; സമകാലിക സന്ദര്‍ഭവും വെല്ലുവിളികളും’ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമിനാറിന്റെ സംഘാടനത്തില്‍  24 കേരളയും പങ്കാളിത്തം വഹിച്ചിരുന്നു.

പല കാര്യങ്ങളിലും പുരോഗമനസ്വഭാവം പുലര്‍ത്തുന്ന കേരളീയസമൂഹത്തിന് ലിംഗനീതിയുടെ കാര്യത്തില്‍ ഏറെക്കുറെ യാഥാസ്ഥിതിക മനോഭാവമാണ്. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം സ്വന്തമായി താമസസ്ഥലം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ വലിയ സാമൂഹ്യപ്രതിരോധം പലയിടങ്ങളിലും ഉയര്‍ന്നുവരുന്നുണ്ട്. ഇതിന് മാറ്റമുണ്ടാക്കാന്‍ എന്തു ചെയ്യാന്‍ കഴിയും എന്ന് സര്‍ക്കാര്‍ പരിശോധിക്കും.

ജീവിക്കാനുള്ള അവകാശങ്ങള്‍ സ്വയം സംഘടിച്ച് പൊരുതി നേടിയവരാണ് മലയാളികള്‍. എന്നാല്‍, സ്വയം സംഘടിച്ച് ശബ്ദമുയര്‍ത്താന്‍പോലും കഴിയാത്തത്ര ദുര്‍ബലരും അതിന്യൂനപക്ഷവുമാണ് ട്രാന്‍സ്ജെന്‍ഡറുകള്‍. താമസസ്ഥലത്തിനൊപ്പം തൊഴിലവസരവും ഇവര്‍ക്ക് ഉറപ്പാക്കേണ്ടതുണ്ട്. അക്കാര്യത്തില്‍ മികച്ച മാതൃകയാണ് കൊച്ചി മെട്രോ. കയര്‍വകുപ്പ് സംസ്ഥാനത്ത് പുതിയ 1000 കയര്‍പിരി യൂണിറ്റ് തുടങ്ങുന്നുണ്ട്. ട്രാന്‍സ്ജെന്‍ഡറുകള്‍ രൂപീകരിക്കുന്ന ഗ്രൂപ്പിനെ ഇതില്‍ ഉള്‍ക്കൊള്ളിക്കാന്‍ തയ്യാറാണ്. യന്ത്രം സൌജന്യമായി നല്‍കാം. ഇവര്‍ ഉല്‍പ്പാദിപ്പിക്കുന്ന കയര്‍ സംഭരിക്കാം- ഐസക് പറഞ്ഞു.

ക്യാമ്പസ് ഡയറക്ടര്‍ ഡോ. എ പസ്ലിതില്‍ അധ്യക്ഷനായി. യുവജനകമീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം, സഹജ് ഇന്റര്‍നാഷണല്‍ സ്ഥാപക വിജയരാജ മല്ലിക, ജിജോ കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു. ഡോ. എസ് പ്രിയ സ്വാഗതവും എം എസ് ശ്രീകല നന്ദിയും പറഞ്ഞു. സെമിനാര്‍ ജൂൺ 30ന് അവസാനിക്കും.