ദിലീപിനെ പോലീസ് വിളിപ്പിച്ചത് ചോദ്യം ചെയ്യാന്‍ തന്നെ

0
185

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് ദിലീപിനെ പോലീസ് വിളിപ്പിച്ചത്. എന്നാല്‍ താന്‍ നല്‍കിയ പരാതിയില്‍ മൊഴിനല്‍കാനാണ് പോലീസ് വിളിച്ചുവരുത്തിയതെന്ന് ദിലീപ് പറയുന്നത്. പക്ഷേ ദിലീപ് നല്‍കിയ പരാതിയില്‍ യാതൊരുവിധ അന്വേഷണവും നടത്തുന്നില്ലെന്ന് നേരത്തെതന്നെ പോലീസ് പറഞ്ഞിരുന്നതാണ്. ഈ സാഹചര്യത്തില്‍ താന്‍ കൊടുത്ത പരാതിയില്‍ മൊഴിനല്‍കാനാണെത്തിയതെന്ന ദിലീപിന്റെ വാദം പൊളിയുകയാണ്.

ഉന്നത പോലീസ് സംഘം തന്നെയാണ് ദിലീപിനെ ചോദ്യം ചെയ്യാന്‍ ആലുവ പോലീസ് ക്ലബില്‍ എത്തിയിരിക്കുന്നത്. ദിലീപിന്റെ അടുത്ത സുഹൃത്തായ നാദിര്‍ഷായും അവിടെ എത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ നിരന്തരം വിളിച്ചുവരുത്തുകയെന്നത് സാധ്യമല്ലാത്തതിനാല്‍ ആവശ്യമായ വിവരങ്ങള്‍ മുഴുവന്‍ ഇന്ന് നടത്തുന്ന ചോദ്യം ചെയ്യലില്‍നിന്നും ശേഖരിക്കണമെന്നാണ് പോലീസിന്റെ തീരുമാനം. അതനുസരിച്ച് സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേര് ഉയര്‍ന്നുവന്നിട്ടുളള എല്ലാ കാര്യങ്ങളെക്കുറിച്ചും ഇന്ന് ഇവരില്‍നിന്നും മൊഴി ശേഖരിക്കും.

കഴിഞ്ഞ നാല് മണിക്കൂറായി ആലുവ പോലീസ് ക്ലബില്‍ ദിലീപിനേയും നാദിര്‍ഷായേയും വെവ്വേറെ മുറികളിലായി പോലീസ് ചോദ്യം ചെയ്യുകയാണ്.