ദിലീപിനെ ഭീഷണിപ്പെടുത്താന്‍ പള്‍സര്‍ നല്‍കാമെന്നു പറഞ്ഞത് രണ്ടു ലക്ഷം

0
84

ദിലീപിനെ ഭീഷണിപ്പെടുത്താന്‍ വിഷ്ണുവിനു പള്‍സര്‍ സുനി രണ്ടു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. ഭീഷണിക്കത്ത് കൈമാറുന്നതിനും ഫോണ്‍ വിളിക്കുന്നതിനുമാണു പണം വാഗ്ദാനം ചെയ്തത്. എന്നാല്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ കത്ത് വിഷ്ണു പോലീസിനു കൈമാറുകയായിരുന്നു. ദിലീപിന് സുനി എഴുതിയെന്നു കരുതുന്ന കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തനിക്കു തരാമെന്നേറ്റ പണം നല്‍കണമെന്നും ദിലീപിന്റെ പേരു പറയാന്‍ പുറത്തുനിന്നും പല സമ്മര്‍ദവുമുണ്ടെന്നുമായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനോട് ഒന്നരക്കോടി ആവശ്യപ്പെടാനുള്ള ഗൂഡാലോചന നടന്നത് ജയിലിലാണെന്ന് വ്യക്തമായി. പള്‍സര്‍ സുനിയെ സഹായിച്ച വിഷ്ണു ഒന്നരമാസത്തിനിടെ ആറുതവണ സുനിയെ കാണാന്‍ ജയിലിലെത്തിയിരുന്നതായുള്ള രേഖകള്‍ പുറത്തായി. ദിലീപിന് കത്തയയ്ക്കുന്നതിന് ഒരുദിവസം മുമ്പും ഇയാള്‍ സുനിയെ കാണാന്‍ ജയിലിലെത്തിയിരുന്നതായി ഈ രേഖകള്‍ പറയുന്നു.

ദിലീപിന് കത്തയച്ച ശേഷം കൃത്യമായ ഇടവേളകളില്‍ ഇയാള്‍ സുനിയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പുറമെ വരാപ്പുഴ പീഡനക്കേസിലെ പ്രതി മനീഷ് തോമസും സുനിയെ കാണാന്‍ ജയിലിലെത്തി. മനീഷ് തോമസ് ഇപ്പോള്‍ പോലീസ് പിടിയിലാണ്. ഇയാളുടെ കൂട്ടാളി അനില്‍ മുരളിയും സുനിയുമായി ബന്ധപ്പെട്ടിരുന്നു. 13 ദിവസങ്ങളില്‍ പള്‍സര്‍ സുനിക്ക് ജയിലില്‍ സന്ദര്‍ശകരുണ്ടായിയിരുന്നു. സുനിയുടെ അഭിഭാഷകനെക്കാള്‍ കൂടുതല്‍ സഹതടവുകാരനായ വിഷ്ണുവാണ് സുനിയെ സന്ദര്‍ശിക്കാനെത്തിയത്. വിഷ്ണു മുഖേനയാണ് പള്‍സര്‍ സുനിക്ക് മൊബൈല്‍ ഫോണ്‍ ലഭിക്കുന്നതും ദിലീപിന്റെ മാനേജരുള്‍പ്പെടെയുള്ളവരുമായി ബന്ധപ്പെടാനായി കഴിഞ്ഞതും. ദിലീപിനോട് പണം ആവശ്യപ്പെടാനുള്ള ഗൂഡാലോചനയാണ് കൃത്യമായ ഇടവേളകളില്‍ ഇവര്‍ നടത്തിയതെന്നാണ് സംശയം. ജയില്‍ രേഖകള്‍ ഇതാണ് വ്യക്തമാക്കുന്നത്.

കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി തന്നില്‍നിന്നു പണം തട്ടാന്‍ ശ്രമം നടന്നതായി ദിലീപ് നേരത്തെ ആരോപിച്ചിരുന്നു. വിഷ്ണുവെന്നയാള്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ദിലീപിന്റെ പരാതി.