ദിലീപിന്റെയും നാദിര്‍ഷായുടേയും ചോദ്യം ചെയ്യല്‍ തുടരുന്നു

0
112

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഡാലോചന സംബന്ധിച്ച് നടന്‍ ദിലീപിനെയും നാദിര്‍ഷായേയും ചോദ്യം ചെയ്യുന്നത് തുടരുന്നു. കഴിഞ്ഞ നാലുമണിക്കൂറിലേറെയായി ഇവരെ വെവ്വേറെ മുറികളിലുത്തി എറണാകുളം ആലുവ പോലീസ് ക്ലബില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. ഉച്ചയ്ക്ക് 12.30 ഓടെ ആലുവ പോലീസ് ക്ലബില്‍ എത്തിയതാണ് ദിലീപും നാദിര്‍ഷയും. ദിലീപിനെ ചോദ്യം ചെയ്യുന്നത് കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണെന്ന് പോലീസ് വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള എ.ഡി.ജി.പി. ബി.സന്ധ്യ ഉള്‍പ്പെടെയുളള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനൊപ്പമുണ്ട്. ദിലീപ് ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിക്കുന്നതായാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള കാര്യങ്ങള്‍ മുന്‍നിര്‍ത്തി നേരത്തെ തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ എന്നാണ് അറിയുന്നത്. ഇടയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായി പിരിഞ്ഞതിനു ശേഷം വീണ്ടും ചോദ്യം ചെയ്യല്‍ തുടരുകയായിരുന്നു.

പള്‍സര്‍ സുനിയുടെ കത്തും ദിലീപ് പോലീസില്‍ ഹാജരാക്കിയ ഓഡിയോയുമെല്ലാം കൂട്ടിയിണക്കിയുള്ള ചോദ്യം ചെയ്യലാണ് പോലീസ് നടത്തുന്നത്.