നഴ്‌സുമാരുടെ പ്രശ്‌നപരിഹാരത്തിന് ഒരു മാസത്തിനുള്ളില്‍ നടപടിയെന്ന് മന്ത്രി

0
84

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പള വര്‍ധന സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാന്‍ ഒരു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍. വേതന വര്‍ധന സംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. അഭിപ്രായ സമന്വയത്തിലൂടെ വേതന വര്‍ധന നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങള്‍ക്കാകെ ആശുപത്രികളില്‍ നിന്നും ജീവനക്കാരുടെ സേവനം ഏറ്റവും ആവശ്യമായിട്ടുള്ള സാഹചര്യത്തില്‍ പ്രക്ഷോഭ പരിപാടികള്‍ മാറ്റി വച്ച് ജീവനക്കാരും മാനേജ്മെന്റുകളും സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സ്വകാര്യ ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍ എന്നിവയടക്കമുള്ള സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കുന്നവരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന് നിര്‍ദേശം തയാറാക്കി സമര്‍പ്പിക്കാന്‍ സ്വകാര്യ ആശുപത്രി വ്യവസായബന്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നഴ്‌സുമാരുടെ വേതനം സംബന്ധിച്ച എല്ലാ സാഹചര്യവും പരിശോധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാനാണ് നിര്‍ദേശം. സമിതി ഇതിനോടകം ബന്ധപ്പെട്ടവരില്‍ നിന്നും തെളിവെടുപ്പ് നടത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഈ നിര്‍ദേശങ്ങള്‍ മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് പരിശോധിച്ച് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കുന്ന മുറയ്ക്ക് എത്രയും വേഗം തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

ജീവനക്കാരുടെ ജീവിത സാഹചര്യം, കുറഞ്ഞ വേതനം, തുല്യ ജോലിക്ക് തുല്യ വേതനം എന്നീ മാനദണ്ഡങ്ങള്‍ കൂടി പരിഗണിച്ച് വേതന വര്‍ധന നടപ്പിലാക്കുന്ന കാര്യത്തില്‍ അഭിപ്രായ സമന്വയത്തിലെത്താന്‍ ആശുപത്രി മാനേജുമെന്റുകള്‍ മുന്‍കൈ എടുക്കണം. വിഷയം രമ്യമായി പരിഹരിക്കാന്‍ മാനേജ്മെന്റുകളും ജീവനക്കാരുടെ സംഘടനകളും സര്‍ക്കാരുമായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.