നെസ് ലേ, എവരിഡേ പാല്‍പ്പൊടിയില്‍ ബ്ലീച്ചിങ് പൗഡറെന്ന് തമിഴ്‌നാട് മന്ത്രി

0
79

നെസ്‌ലേ, റിലയന്‍സ് എന്നീ ബ്രാന്‍ഡുകളുടെ പാല്‍പ്പൊടിയില്‍ അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് തമിഴ്നാട് ക്ഷീര വികസന കോര്‍പ്പറേഷന്‍ മന്ത്രി കെ.ടി.രാജേന്ദ്ര ബാലാജി. കാസ്റ്റിക്ക് സോഡ, ബ്ലീച്ചിങ്ങ് പൗഡര്‍ തുടങ്ങിയ രാസപദാര്‍ഥങ്ങളുടെ സാന്നിധ്യം ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തിയെന്ന് ബാലാജി വ്യക്തമാക്കി.

ഒരാഴ്ച മുന്‍പ് പ്രൈവറ്റ് കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന പാല്‍പ്പൊടി കാന്‍സറടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് രാജേന്ദ്ര ബാലാജി പറഞ്ഞിരുന്നു. തെളിവുകളില്ലാതെ ആരോപണം ഉന്നയിച്ചതിന് മന്ത്രിക്കെതിരെ പ്രൈവറ്റ് കമ്പനികള്‍ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് ചെന്നൈയിലെ സെന്‍ട്രലൈസിഡ് ലാബില്‍ ഉല്‍പന്നങ്ങള്‍ ടെസ്റ്റ് ചെയ്ത വിവരവുമായി മന്ത്രി പത്ര സമ്മേളനം വിളിച്ചത്.

നെസ്‌ലേയുടേയും റിലയന്‍സിന്റേയും പാല്‍ പൊടി ഉല്‍പന്നങ്ങളില്‍ മായം ചേര്‍ക്കുന്നത് തെളിഞ്ഞെന്നും മന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഈ രണ്ട് കമ്പനികളുടെ പാല്‍പ്പൊടി ഉല്‍പന്നങ്ങള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം മുഖ്യമന്ത്രിയുമായും ആരോഗ്യ മന്ത്രിയുമായും കൂടിക്കാഴ്ച്ച നടത്തിയ ശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.