പ്രതിരോധ സേനാംഗങ്ങളുടെ വിവരങ്ങള്‍ പാകിസ്ഥാന്‍ അപ്പുകള്‍ ഉപയോഗിച്ച് ചോര്‍ത്തിയെന്ന് സംശയം

0
145

ഇന്ത്യന്‍ പ്രതിരോധ സേനാംഗങ്ങളുടെ വിവരങ്ങള്‍ ന്യൂസ് ആപ്പുകള്‍ ഉപയോഗിച്ച് പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐ. ചോര്‍ത്തിയതായി സംശയം. പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടേതുമടക്കമുള്ള വിവരങ്ങളാണ് പാകിസ്ഥാന്‍ ചോര്‍ത്തിയതെന്നു കരുതുന്നു. ഇന്ത്യന്‍ സേന ന്യൂസ്, ഭാരതീയ സേന ന്യൂസ്, ഇന്ത്യന്‍ ഡിഫന്‍സ് ന്യൂസ് എന്നീ ആപ്പുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചത് ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ വര്‍ഷമാണ് സംശയകരമായ സാഹചര്യത്തില്‍ ഒരു പാകിസ്ഥാന്‍ ഐ.പി. അഡ്രസ് ഇന്റലിജന്‍സ് ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടത്. എത്തിക്കല്‍ ഹാക്കര്‍മാരുടെ സഹായത്തോടെ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ ഇത് പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെതാണെന്ന് തിരിച്ചറിഞ്ഞത്. 40,000ത്തോളം ഇന്ത്യക്കാരുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ അവര്‍ കൈക്കലാക്കിയെന്നും മനസിലാക്കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതിരോധ രംഗത്തെ ഏറ്റവും പുതിയ വിവരങ്ങള്‍ ലഭ്യമാക്കിയിരുന്ന മൂന്ന് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയിരുന്നതെന്ന് കണ്ടെത്തിയത്. ഈ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ അറിയാതെ അവരുടെ കമ്പ്യൂട്ടറിന്റെയോ മൊബൈല്‍ ഫോണിന്റെയോ നിയന്ത്രണം കൈക്കലാക്കിയാണ് വിവരങ്ങള്‍ ചോര്‍ത്തിയിരുന്നത്.