പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിനൊപ്പം രാജ്യത്തെ 23 സ്വകാര്യബാങ്കുകള്‍ (ഷെഡ്യൂള്‍ഡ് ബാങ്കുകള്‍) വില്‍ക്കുന്നു. കേരളം ആസ്ഥാനമായുള്ള നാലെണ്ണം ഉള്‍പ്പെടെയുള്ള സ്വകാര്യബാങ്കുകളുടെ വില്‍പ്പന മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുകയാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ലക്ഷ്യം. പുതുതലമുറ ബാങ്കുകളുമായി ലയിപ്പിക്കുക എന്നാണ് സാങ്കേതികമായി വിശേഷിപ്പിക്കുന്നതെങ്കിലും ഫലത്തില്‍ വില്‍പ്പനതന്നെ. ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്കും തൃശൂര്‍ ആസ്ഥാനമായ സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക് എന്നിവയുമാണ് കേരളത്തിലെ സ്വകാര്യബാങ്കുകള്‍. പുതുതലമുറബാങ്കുകളായ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ., കൊട്ടക് മഹീന്ദ്ര എന്നിവയാണ് സ്വകാര്യബാങ്കുകളെ വിഴുങ്ങാന്‍ തയാറെടുത്തു നില്‍ക്കുന്നത്.
ലയനത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്ത്തിയാക്കാനില്ലാത്തതിനാല് നടപ്പ് സാമ്പത്തികവര്‍ഷംതന്നെ വില്‍പ്പന നടത്താനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര ധനമന്ത്രാലയം. പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിനും സ്വകാര്യബാങ്കുകളുടെ വില്‍പ്പനയ്ക്കുമുള്ള നടപടിക്രമം വേഗത്തിലാക്കാന്‍ റിസര്‍വ് ബാങ്കിനും നിതി ആയോഗിനും നിര്‍ദേശം നല്കി. ഓഗസ്റ്റ് മധ്യത്തില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം തീര്‍ന്നാലുടന്‍ നടപടിയാകും.