ബാങ്കുകള്‍ ആപ്പുകളായി പരിണമിക്കും

0
115
ബാങ്കുകള്‍ ആപ്പുകള്‍ എന്ന രീതിയിലേക്കു പ്രവര്‍ത്തനം പരിണമിക്കുന്ന കാലം വിദൂരമല്ലെന്നും അതേ തുടര്‍ന്ന് സുരക്ഷിതമായ ഓണ്‍ലൈന്‍ ഇടപാടുകള്‍ സാധ്യമാക്കുക എന്നതായിരിക്കും ഏറ്റവും വലിയ വെല്ലുവിളിയെന്നും സാമ്പത്തിക രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ബി.ഡബ്ലിയു. ബിസിനസ് വേള്‍ഡ് പി.ഡബ്ലിയു.സി.യുമായി ചേര്‍ന്നു മുംബൈയില്‍ സംഘടിപ്പിച്ച ബാങ്കിങ് ധനകാര്യ സ്ഥാപന ഉച്ചകോടിയിലെത്തിയ വിദഗ്ദ്ധരാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ബാങ്കിങ് വ്യവസായ മേഖലയില്‍ ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ചാണ് വിദഗ്ദ്ധര്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്.  സാങ്കേതികവിദ്യ മാറുന്നതിനേക്കാള്‍ വേഗത്തില്‍ ഉപഭോക്താക്കളുടെ അനുഭവങ്ങളും പ്രതീക്ഷകളും വളരുന്നതാണ് ഇന്നത്തെ സവിശേഷത. അതിനനുസൃതമായി പുതുമകള്‍ ലഭ്യമാക്കാകുക എന്നതാണ് ബാങ്കുകള്‍ക്കു മുന്നിലുള്ള വെല്ലുവിളിയെന്ന് ബി.ഡബ്ലിയു. ബിസിനസ് വേള്‍ഡ് സി.എക്‌സ്.ഒ. ഉച്ചകോടിയില്‍ സംസാരിച്ചു കൊണ്ട് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ വിഭാഗം ജനറല്‍ മാനേജര്‍ പി.സി. പാണിഗ്രാഹി ചൂണ്ടിക്കാട്ടി. ബാങ്കര്‍മാരുടെ 100 പ്രതിനിധികളും വിവര സാങ്കേതികവിദ്യാ രംഗത്തെ 100 വിദഗ്ദ്ധരും അടക്കം 550 പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. ഡിജിറ്റല്‍ സാങ്കേതികവിദ്യ സ്വായത്തമാക്കുകയും സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് മുന്നേറുകയും വന്‍ തോതിലുള്ള ഡാറ്റാ വിശകലനങ്ങള്‍ നടത്തുകയും പൊതുജനങ്ങള്‍ക്കായുള്ള ബാങ്കിങ് എന്നതിനെ സംബന്ധിച്ചുള്ള നിര്‍വ്വചനം മാറ്റുകയും വേണ്ടി വരുമെന്നും ഉച്ചകോടി ചൂണ്ടിക്കാട്ടി. ബാങ്കുകളുടെ ഡിജിറ്റല്‍വല്‍ക്കരണം, സുരക്ഷിത ബാങ്കിങില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍, ഡാറ്റാ കേന്ദ്രങ്ങള്‍ കൈകാര്യം ചെയ്യല്‍, ക്ലൗഡ് ശേഖരണം ആസൂത്രണം ചെയ്യല്‍ എന്നിവയായിരിക്കും ബാങ്കിങ് വ്യവസായത്തിനു മുന്നിലുള്ള ഭാവി പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടതെന്നും ഉച്ചകോടി അഭിപ്രായപ്പെട്ടു. പതിനഞ്ചിലേറെ സ്ഥാപനങ്ങളാണ് പുതിയ സാങ്കേതികവിദ്യകള്‍ ഇവിടെ അവതരിപ്പിച്ചത്.