രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രതിപക്ഷ സ്ഥാനാര്‍ഥി മീരാകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തിവിളിച്ചറിയിച്ചുകൊണ്ട് ഒട്ടുമിക്ക നേതാക്കളും പത്രികാ സമര്‍പ്പണത്തിന് എത്തിയിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍, സി.പി.എം. ജനറല്‍ സെക്രട്ടറി സീതീറാം യെച്ചൂരി, സി.പി.ഐ. നേതാവ് ഡി.രാജ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രെയ്ന്, ബി.എസ്.പി. നേതാവ് സതീഷ് ചന്ദ്ര മിശ്ര തുടങ്ങിവയരുമുണ്ടായിരുന്നു. ആര്.ജെ.ഡി. അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് തന്റെ പ്രതിനിധിയെയാണ് ചടങ്ങിനയച്ചത്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ പഞ്ചാബിലെ അമരീന്ദര്‍ സിംഗ്, കര്‍ണാടകയിലെ സിദ്ധരാമയ്യ, പുതുച്ചേരിയിലെ നാരായണസ്വാമി എന്നിവരും മീരാകുമാറിന്റെ നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിനെത്തി.
പതിനേഴ് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് മുന്‍ ലോക്സഭാ സ്പീക്കര്‍ കൂടിയായ മീരാ കുമാര്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
ഗുജറാത്തിലെ സബര്മതിയില്നിന്നും ജൂണ്‍ 30ന് മീരാ കുമാര്‍ പ്രചാരണം ആരംഭിക്കും. മീരാ കുമാറിന്റെ പ്രചാരണ പര്യടനം സംബന്ധിച്ച് കോണ്‍ഗ്രസ് കൃത്യമായ പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്.