മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഒരുകൈ നോക്കാന്‍ ദമ്പതികളും. മുംബൈയില്‍ നിന്നുള്ള മുഹമ്മദ് അബ്ദുള്‍ ഹമീദ് പട്ടേല്‍ (55), ഭാര്യ സൈറ ബാനോ (52) എന്നിവരാണ് മത്സരിക്കാന്‍ പത്രിക നല്‍കിയത്. എന്നാൽ ജൂണ്‍ 30ന് നടക്കുന്ന സൂഷ്മ പരിശോധനയില്‍ ദമ്പതികളുടെ പത്രിക തള്ളുമെന്ന് ഉറപ്പാണ്. എങ്കിലും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് വരുന്ന ആദ്യ ദമ്പതികളെന്ന വിശേഷണം ഇനി ഇവര്‍ക്ക് സ്വന്തം.
എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ നൂറ് ജനപ്രതിനിധികളുടെ പിന്തുണയുള്ളവരുടെ പത്രിക മാത്രമേ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്വീകരിക്കൂ. അതിനാല്‍ ദമ്പതികളുടെ പത്രിക തള്ളിപ്പോകുമെന്ന് ഉറപ്പാണ്. എന്നാല്‍ ഇതൊന്നും ഈ ദമ്പതികളെ പിന്നോട്ട് വലിക്കുന്നില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥിക്ക് നൂറ് ജനപ്രതിനിധികളുടെ പിന്തുണ വേണമെന്ന നിബന്ധനയ്ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മുഹമ്മദ്.
ചേരി നിവാസികളുടെയും തെരുവില്‍ ഉറങ്ങുന്നവരുടെയും പുനരധിവാസം ഉള്‍പ്പെടെ നിരവധി സാമൂഹ്യപ്രശ്നങ്ങളില്‍ ഇടപെട്ടിട്ടുള്ളയാള് കൂടിയാണ് മുഹമ്മദ്. 2012ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചിരുന്നു. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഒരു തവണ സമാജ്ാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചിട്ടുണ്ട്. ചായ വില്‍പ്പനക്കാരനും പ്രധാനമന്ത്രിയാകാന്‍ സാധിക്കും എന്നത് മാത്രമല്ല എല്ലാ സാധാരണക്കാര്‍ക്കും മത്സരിക്കാന്‍ അവസരം നല്കുന്നു എന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സൗന്ദര്യമെന്ന് മുഹമ്മദ് പറയുന്നു.
സ്ത്രീ സുരക്ഷയ്ക്ക് യാതൊരു മുൻതൂക്കവും ഈ രാജ്യത്തു ഇല്ലെന്നും, ഡൽഹിയിലെ പോലെയുള്ള പീഡനകഥകൾ നമ്മൾ ഇന്നും ഭയത്തോടെ കാണുന്നു. രാഷ്ട്രപതി ആണല്ലോ പാര്‍ലമെന്റില്‍ ബില്ലുകൾ പാസാക്കുന്നത് അത് കൊണ്ട് തന്നെ താൻ രാഷ്ട്രപതി ആയാൽ സ്ത്രീകൾക്കുള്ള സുരക്ഷയ്ക്ക് മുൻതൂക്കം നൽകുമെന്ന് സൈറയും പറയുന്നു.