ടി.പി.സെന്‍കുമാര്‍ വിരമിക്കുന്ന ഒഴിവിലേക്ക് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് ലോക്നാഥ് ബഹ്റയെ നിയമിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. ഡി.ജി.പിയെ തെരഞ്ഞെടുക്കാനായി ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന സെലക്ഷന് കമ്മറ്റി യോഗത്തില്‍ മറ്റു രണ്ടു പേരുകള്‍കൂടി സര്‍ക്കാരിനു മുന്നില്‍ എത്തിയെങ്കിലും എല്ലാം ബഹ്റയ്ക്ക് അനുകൂലമാകുകയായിരുന്നു.
നിലവില്‍ ചുമതല വഹിക്കുന്ന .സെന്‍കുമാര്‍ വെള്ളിയാഴ്ചയാണു സര്‍വീസില്‍നിന്നു വിരമിക്കുക. ഇതിനുശേഷമാകും ബെഹ്റ ചുമതലയേല്‍ക്കുക.
സെന്‍കുമാര്‍ വിരമിച്ചാല്‍ സംസ്ഥാനത്തെ മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന് ജേക്കബ് തോമസാണെങ്കിലും ബഹ്റക്കാണ് നറുക്കുവീണത്. ഋഷിരാജ് സിങിന്റെ പേരുമാണ് ചീഫ് സെക്രട്ടറി നളിനി നെറ്റോ അധ്യക്ഷയും ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസ്, നിയമ സെക്രട്ടറി ജി.ഹീന്ദ്രനാഥ് എന്നിവര്‍ അടങ്ങിയ സെലക്ഷന് കമ്മറ്റി സര്‍ക്കാരിനു നല്‍കിയതെങ്കിലും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ബഹ്റക്ക് അനുകൂലമായി നിലപാടെടുത്തതോടെ അത്തരത്തില്‍ തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
ഡി.ജി.പിയായിരുന്ന ബഹ്റയുടെ പ്രകടനത്തില്‍ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും പൂര്‍ണ തൃപ്തിയാണുള്ളത്. പോലീസിന്റെ ചില നടപടികള്‍ പ്രശ്നമാകുകയും വിവാദമാകുകയും ചെയ്തെങ്കിലും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വിധേയനായ ഡി.ജി.പിയായിരുന്നു ബഹ്റ. അതുകൊണ്ടുതന്നെ അക്കാര്യത്തില്‍ സര്‍ക്കാരിലെ ആര്‍ക്കും തര്‍ക്കമില്ല. ഡി.ജി.പി. സ്ഥാനത്തിരുന്ന് സര്‍ക്കാരിനേയും മന്ത്രിയേയും അനുസരിക്കാതെ മുന്നോട്ടുപോകുന്ന ഒരാളെക്കാള്‍ നല്ലത് ബഹ്റ തന്നെയാണെന്ന വിലയിരുത്തലും ബഹ്റക്ക് കാര്യങ്ങള്‍ അനുകൂലമാക്കി.
ഇക്കാരണം കൊണ്ടാണ് മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനായിട്ടും ജേക്കബ് തോമസിലേക്ക് പോകാന്‍ സര്‍ക്കാര്‍ ധൈര്യം കാണിക്കാത്തത്. വിജിലന്‍സ് ഡയറക്ടറായിരിക്കേ സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ തലവേദനയുണ്ടാക്കിയശേഷം നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുന്നതിലേക്ക് എത്തിച്ച ആളാണ് ജേക്കബ് തോമസ്. അതുകൊണ്ടുതന്നെ ജേക്കബ് തോമസിനെ വച്ച് മറ്റൊരു പരീക്ഷണത്തിനുകൂടി സര്‍ക്കാര്‍ തയാറായിരുന്നില്ല. അങ്ങനെ പരിഗണിക്കപ്പെടേണ്ടിവരുന്ന ഒരു സാഹചര്യം ഒഴിവാക്കാനാണ് ടി.പി.സെന്‍കുമാര്‍ വിരമിക്കുന്നതിനു മുമ്പ് ജേക്കബ് തോമസിനെ ഐ.എം.ജി. ഡയറക്ടറാക്കി വച്ചത്. ഈ സാഹചര്യത്തില്‍ പരിഗണിക്കപ്പെടേണ്ട ഒരു പേരുമാത്രമാക്കി ജേക്കബ് തോമസിനെ ഒതുക്കുകയായിരുന്നു. ഋഷിരാജ് സിങിന്റെ കാര്യത്തിലും ഇക്കാര്യങ്ങള്തന്നെയാകും പരിഗണിക്കപ്പെടുക. ക്രമസമാധാന ചുമതലുള്ള ഡി.ജി.പിയായി ഋഷിരാജ് സിങിനെ കൊണ്ടുവരുന്നതില്‍ സര്‍ക്കാരിലും സി.പി.എമ്മിലും അഭിപ്രായ വ്യത്യാസമുണ്ട്. ഇതെല്ലാം മികവായത് ലോക്നാഥ് ബഹ്റയ്ക്കാണ്.