തിരുവനന്തപുരം : സംസ്ഥാനത്ത് വനിതാ ശിശുവികസന വകുപ്പ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സാമൂഹ്യനീതി വകുപ്പ് വിഭജിച്ചാണ് പുതിയ വകുപ്പ് രൂപീകരിക്കുന്നത്. ജന്‍ഡര്‍ ഓഡിറ്റിംഗ്, മറ്റ് വകുപ്പുകളിലെ സ്ത്രീകളുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഏകോപനം എന്നിവയും പുതിയ വകുപ്പിന്റെ ചുമതലകളിൽ പെടുന്നു.
സാമൂഹ്യനീതി വകുപ്പ് വിഭജിച്ചാണ് പുതിയ വകുപ്പ് രൂപീകരിക്കുന്നത്. വികസന പ്രവര്‍ത്തനത്തില്‍ സ്ത്രീകള്‍ക്ക് തുല്യപങ്കാളിത്തം ലഭിക്കുന്നതിനും ലിംഗവിവേചനത്തില്‍ നിന്നും അതിക്രമങ്ങളില്‍നിന്നും സംരക്ഷണം ലഭിക്കുന്നതിനും കുട്ടികളുടെ അവകാശ സംരക്ഷണത്തിനും പ്രത്യേക വകുപ്പ് വേണമെന്ന ആവശ്യം പൊതുസമൂഹം ഏറെക്കാലമായി ഉന്നയിക്കുന്നതാണ്.
വനിതാ-ശിശുവികസന വകുപ്പ് രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സാമൂഹ്യനീതി വകുപ്പിന്റ മുന്‍ ഡയറക്ടര്‍ വി എന്‍ ജിതേന്ദ്രനെ നിയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പിന്റെ ചുമതലകള്‍ നിര്‍ണ്ണയിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, പരിചരണം, ക്ഷേമം, വികസനം, പുനരധിവാസം, ശാക്തീകരണം തുടങ്ങിയ വിഷയങ്ങള്‍ പുതിയ വകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കും. വനിതാ കമ്മീഷന്, ബാലാവകാശ കമ്മീഷന്, ജന്‍ഡര്‍ പാര്‍ക്ക്, നിര്‍ഭയ പദ്ധതി, ശിശുക്ഷേമ സമിതി, അങ്കണവാടി ക്ഷേമനിധി ബോര്‍ഡ്, അഗതി മന്ദിരങ്ങള്‍ മുതലായ സ്ഥാപനങ്ങളും പദ്ധതികളും പുതിയ വകുപ്പിന്റെ കീഴില്‍ വരും.