സംസ്ഥാനത്ത് വനിതാ ശിശുവികസന വകുപ്പ് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എല്‍.ഡി.എഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. 2016ലെ നയപ്രഖ്യാപനത്തിലും പുതിയ വകുപ്പ് രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു.
സാമൂഹ്യനീതി വകുപ്പ് വിഭജിച്ചാണ് പുതിയ വകുപ്പ് രൂപീകരിക്കുക. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, പരിചരണം, ക്ഷേമം, വികസനം, പുനരധിവാസം, ശാക്തീകരണം തുടങ്ങിയ വിഷയങ്ങള്‍ പുതിയ വകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കും. വനിതാ കമ്മീഷന്, ബാലാവകാശ കമ്മീഷന്, ജന്‍ഡര്‍ പാര്‍ക്ക്, നിര്‍ഭയ പദ്ധതി, ശിശുക്ഷേമ സമിതി, അങ്കണവാടി ക്ഷേമനിധി ബോര്‍ഡ്, അഗതി മന്ദിരങ്ങള്‍ മുതലായ സ്ഥാപനങ്ങളും പദ്ധതികളും പുതിയ വകുപ്പിന്റെ കീഴില്‍ വരും. പുതിയ വകുപ്പിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഡയറക്ടര്‍, 14 ജില്ലാ ഓഫീസര്‍മാര്‍, ലോ ഓഫീസര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്നിവയക്കു പുറമെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഉള്‍പ്പെടെയുളള സപ്പോര്‍ട്ടിങ്ങ് സ്റ്റാഫിനെയും നിയമിക്കും. ജില്ലാതലത്തിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ മറ്റ് വകുപ്പുകളില്‍നിന്നും പുനര്‍വിന്യസിക്കും.
വനിതാ ശിശുവികസന വകുപ്പ് രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സാമൂഹ്യനീതി വകുപ്പിന്റ മുന്‍ ഡയറക്ടര്‍ വി.എന്‍.ജിതേന്ദ്രനെ നിയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പിന്റെ ചുമതലകള്‍ നിര്‍ണയിച്ചത്.