മെൽബൺ: സാം കൊലപാതകത്തിന്റെ പ്രാരംഭ വാദം ആരംഭിച്ചു. വാദത്തിൽ പ്രതികളായ സാമിന്റെ ഭാര്യ സോഫിയയും കാമുകനായ അരുൺ കമലാസനനും കുറ്റം നിഷേധിച്ചു.
ഇരുവർക്കും എതിരെയുള്ള കുറ്റപത്രം മെൽബൺ മജിസ്ട്രേട്ട് കോടതി ഇരുവരെയും വായിച്ചുകേൾപ്പിച്ചപ്പോളാണ് ഇരുവരും കുറ്റം നിഷേധിച്ചത്.സോഫിയയും അരുണും കുറ്റം നിഷേധിച്ചതിനെ തുടർന്ന്, കേസ് വിചാരണനടപടികൾക്കായി സുപ്രീം കോടതിയിലേക്കു മാറ്റി. വിക്ടോറിയ സുപ്രീം കോടതി ഇന്നു കേസ് പരിഗണിക്കും.
2015 ഒക്ടോബർ 14ന് ആയിരുന്നു യുഎഇ എക്സ്ചേഞ്ച് ഉദ്യോഗസ്ഥനായിരുന്ന പുനലൂർ കരുവാളൂർ ആലക്കുന്നിൽ സാം ഏബ്രഹാ(34)മിനെ കിടപ്പറയിൽ ഓറഞ്ച് ജ്യൂസിൽ സയനൈഡ് കലർത്തിക്കൊടുത്ത് കൊലപ്പെടുത്തിയെന്ന കുറ്റമാണ് ഇരുവർക്കും മേൽ ചുമത്തിയിരിക്കുന്നത്.
സംഭവത്തിനു മൂന്നു മാസം മുൻപു റെയിൽവേ സ്റ്റേഷനിൽ സാമിനെ വധിക്കാൻ ശ്രമിച്ച കേസ് കൂടി അരുൺ കമലാസനനു മേൽ ചുമത്തിയിട്ടുണ്ട്.ഹൃദയാഘാതം മൂലം ആണു സാം മരിച്ചതെന്നു വീട്ടുകാരെ വിശ്വസിപ്പിച്ച ഭാര്യ സോഫിയ, മൃതദേഹം നാട്ടിൽ എത്തിച്ചു സംസ്കരിച്ചശേഷം മെൽബണിലേക്കു മടങ്ങുകയായിരുന്നു.
ടോക്സിക്കോളജി വിദഗ്ധന്റെ റിപ്പോർട്ട് കോടതി പരിശോധിച്ചു. സാമിന്റെ ശരീരത്തിൽ ഒരു ലീറ്ററിൽ 35 മില്ലിഗ്രാം സയനൈഡിന്റെ അംശം കണ്ടെത്തിയതായി ടോക്സിക്കോളജിസ്റ്റ് കോടതിയെ അറിയിച്ചു. സാമിന്റെ രക്തത്തിലും കരളിലും സയനൈഡിന്റെ അംശം കണ്ടെത്തിയതായും ഇദ്ദേഹം സ്ഥിരീകരിച്ചു.
2016 ഓഗസ്റ്റ് 12ന് ആണ് ഇരുവരെയും മെൽബൺ പൊലീസ് അറസ്റ്റ് ചെയ്തത്.