അമര്‍നാഥ് യാത്രയ്ക്ക് അതീവ സുരക്ഷ

0
84

ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥാടനത്തിന് കനത്ത സുരക്ഷാ വലയമൊരുക്കി ഇന്ത്യന്‍ സൈന്യം. 30,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതിന് പുറമേ സാറ്റലൈറ്റ് ട്രാക്കറും ബുള്ളറ്റ് പ്രൂഫ് ബങ്കറുകളുമാണ് കശ്മീരില്‍ ഒരുക്കിയിട്ടുള്ളത്. അമര്‍നാഥ് യാത്രയ്ക്കിടെ തീര്‍ത്ഥാടകര്‍ക്കും സുരക്ഷാ സേനയ്ക്കും നേരെ ഭീകരാക്രമണമുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. വര്‍ഷത്തിലൊരിക്കല്‍ ഹിന്ദുശ ആരാധനാ മൂര്‍ത്തിയായ ശിവ ദര്‍ശനത്തിനെത്തുന്ന ആയിരക്കണക്കിന് ഭക്തര്‍ക്ക് സുരക്ഷയൊരുക്കുകയാണ് ലക്ഷ്യം. ബുധനാഴ്ചയാണ് അമര്‍നാഥ് യാത്ര ആരംഭിച്ചത്.
കശ്മീരില്‍ തുടര്‍ന്നുവരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് 40 ദിവസം നീണ്ടുനില്‍ക്കുന്ന അമര്‍നാഥ് യാത്രയ്ക്ക് കേന്ദ്ര സേനയെ വിന്യസിച്ച് സുരക്ഷ ഉറപ്പുവരുത്തുന്നത്. സംഘര്‍ഷബാധിത പ്രദേശമായ ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ല വഴിയാണ് തീര്‍ത്ഥാടകര്‍ കടന്നുപോകുന്നത്.കഴിഞ്ഞ 16 വര്‍ഷത്തിനിടെ 50 അമര്‍നാഥ് തീര്‍ത്ഥാടകരാണ് മൂന്ന് ഭീകരാക്രമണങ്ങളിലായി മരിച്ചത്. 12,750 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തീര്‍ത്ഥാടന കേന്ദ്രം ദക്ഷിണ കശ്മീരിലെ പീര്‍ പഞ്‍ജല്‍ മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. ആദ്യ ബാച്ചില്‍ 2280 തീര്‍ത്ഥാടകരാണ് ജമ്മു കശ്മീരില്‍ നിന്ന് യാത്ര തിരിച്ചിട്ടുള്ളത്. തീര്‍ത്ഥാടകരുടെ വാഹനവ്യൂഹങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാവുമെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. 100-150 തീര്‍ത്ഥാടകരെയും നൂറോളം പോലീസ് ഉദ്യഗസ്ഥരെയും ആക്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്.