കൊച്ചി: അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് നടനും എം.എല്‍.എകൂടിയായ മുകേഷ്.
ദിലീപിനെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുകേഷ് വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞു. ദിലീപിനെ ഒറ്റപ്പെടുത്താനുള്ള ശ്രമമുണ്ടോയെന്നും താരത്തിനെതിരെ മന:പൂര്‍വം കരിവാരി തേക്കാന്‍ ശ്രമം നടക്കുന്നുണ്ടോയെന്ന ചോദ്യവുമാണ് മുകേഷിനെ ചൂടാക്കിയത്. …
-സംഘടനയിലെ അംഗങ്ങളുടെ ചോര കുടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് വൈസ് പ്രസിഡന്റ് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി മമ്മൂട്ടിയും വൈസ് പ്രസിഡന്റ് മോഹന്‍ലാലും വേദിയിലിരിക്കേയാണ് മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുകേഷും ഗണേഷും എത്തിയത്.
രണ്ട് പേര്‍ക്കുമൊപ്പം സംഘടനയുണ്ട്. ദിലീപിന് സംഘടനയുടെ പൂര്‍ണപിന്തുണയുണ്ടാകുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എന്തു വന്നാലും അംഗങ്ങളെ സംരക്ഷിക്കുമെന്നും ഇന്നസെന്റ് പറഞ്ഞു. അമ്മയുടെ ട്രഷറര്‍ ദിലീപും വേദിയിലുണ്ടായിരുന്നു. ആവശ്യങ്ങള്‍ ഇല്ലാതെ കാര്യങ്ങള്‍ ചര്‍ച്ചയാക്കരുതെന്നും ആടിനെ പട്ടിയാക്കുന്ന നടപടിയാണ് മാധ്യമങ്ങളുടേതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ദിലീപിനൊപ്പം ഒറ്റക്കെട്ടായുണ്ടാകുമെന്ന ഗണേഷിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ യോഗത്തിനെത്തിയ താരങ്ങള്‍ ആര്‍പ്പുവിളിയോടെ ഇത് ഏറ്റെടുത്തു.
സംഘടന പൊളിക്കാന്‍ ആരും നോക്കേണ്ടെന്നും അമ്മ പൊളിയില്ലെന്നും ഗണേഷ്കുമാര് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ വെളിപ്പെടുത്തലുകളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഇന്നസെന്റ് ഒഴിഞ്ഞുമാറുകയായിരുന്നു. തെരുവോരം മുരുകന് ആംബുലന്‍സ് കൈമാറുന്ന ചടങ്ങിലേക്ക് കടക്കുകയും വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് താരങ്ങള്‍ എഴുന്നേല്‍ക്കുന്നതിനിടെ ആയിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.