തോക്കുചൂണ്ടി എസ്റ്റേറ്റിലെ തൊഴിലാളികളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി പി.സി ജോര്‍ജ് എം.എല്‍.എ രംഗത്ത്. പാവപ്പെട്ട തൊഴിലാളികളുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെയാണ് താന്‍ തോക്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
കയ്യിലുള്ളത് ലൈസന്‍സുള്ള തോക്കാണ്, വേണ്ടിവന്നാല്‍ വെടിയുതിര്‍ക്കാനും മടിക്കില്ലെന്നും പ്രശ്നത്തിന് പരിഹാരം കാണാന്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മുണ്ടക്കയത്തുള്ളത് ഹാരിസണിന്റെ പൂട്ടിക്കിടക്കുന്ന സ്ഥലമാണ്. അതിന്റെ അതിര്‍ത്തിയില്‍ 52ഓളം കുടുംബങ്ങള്‍ കുടില്‍ കെട്ടിതാമസിക്കുന്നു. വര്‍ഷങ്ങളായി അവര്‍ അവിടെയാണ് താമസിക്കുന്നത്. അത് ഹാരിസണിന്റെ ഭൂമിയല്ല. പഴയൊരു തറവാട്ടുകാരന് വിറ്റതാണ്.
എസ്റ്റേറ്റിലുള്ള തൊഴിലാളികള്‍ ഇവരെ സ്ഥിരമായി ശല്യം ചെയ്യുകാണ്. എസ്റ്റേറ്റ് പൂട്ടിക്കിടക്കുകയാണ്, അവിടെ തൊഴിലാളികള്‍ ഇല്ല. കള്ളുംകൊടുത്ത് കുറേ പേരെ മുതലാളി ഇറക്കിയിരിക്കുകയാണ്. അവരാണ് കുടുംബങ്ങളെ ഉപദ്രവിക്കുന്നത്. രണ്ടുദിവസം മുന്‍പ് 52 വീടുകളില്‍ ഒരു വീടിനുനേരെ ആക്രമണം ഉണ്ടായി. ആ കുടുംബങ്ങള്‍ എല്ലാം തന്റെ വീട്ടില്‍ വന്ന് സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് അവിടെ സന്ദര്‍ശിച്ചത്- പി.സി. ജോര്‍ജ് പറയുന്നു.
സംഭവസ്ഥലത്ത് എത്തിയപ്പോള്‍ എസ്റ്റേറ്റിലെ കുറച്ചു തൊഴിലാളികള്‍ ഉണ്ടായിരുന്നു. ‘എംഎല്‍എ ഗോ ബാക്ക്’ എന്നു പറഞ്ഞു മുദ്രാവാക്യം വിളിച്ചു. പക്ഷേ, പിന്മാറിയില്ല. എന്നെ കുറേ ചീത്തവിളിച്ചു. അതിന്റെ ഇരട്ടി ഞാനും തിരിച്ചുവിളിച്ചു. പാവങ്ങള്‍ക്കൊപ്പം നില്ക്കുന്ന ആളാണ് ഞാന്‍. ബഹളം തുടര്‍ന്നപ്പോഴാണ് തോക്കെടുത്തത്. എന്റെ കയ്യില്‍ തോക്ക് ഉണ്ട്. ലൈസന്‍സ് ഉള്ള തോക്കാണത്. സ്വയം സംരക്ഷണത്തിന് വേണ്ടി അനുവദിച്ചതാണ്. ഇനിയും കൊണ്ടുനടക്കും.
ഇപ്പോഴും എന്റെ വണ്ടിയില്‍ ഉണ്ട്. എന്നെ ആക്രമിച്ചാല്‍ വെടിയും വയ്ക്കും. അതിനാണ് സര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ചത്. പ്രശ്നങ്ങള്‍ക്ക് അവസാനം തൊഴിലാളി നേതാക്കള്‍ എന്നു പറഞ്ഞ് അഞ്ചു പേര് രംഗത്തെത്തി. അവരുമായി കാര്യങ്ങള്‍ സംസാരിച്ചു. വിശദമായി ചര്‍ച്ച നടത്താമെന്ന് പറഞ്ഞ് പിരിയുകയും ചെയ്തെന്ന് പി.സി. ജോര്‍ജ് പറഞ്ഞു.