മീററ്റ്: ന്റെ കാശുകുടുക്കയിലെ പണം മുഴുവന്‍ സാറിന് തരാം. എന്നാലെങ്കിലും എന്റെ അമ്മേടെ കേസന്വേഷണം വേഗത്തിലാക്കുമൊ…ഐ.ജിയുടെ മുന്നില്‍ അഞ്ചുവയസ്സുകാരി മാന്‍വി കെഞ്ചി. ഇതു കേട്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും അവളുടെ കാശുകുടുക്ക തിരികെ നല്കി അയാള്‍ ആ കുഞ്ഞു നെറുകയില്‍ തലോടി.
ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ പൊലിസ് സ്റ്റേഷനാണ് ഈ കണ്ണു നനക്കുന്ന ദൃശ്യത്തിന് സാക്ഷിയായത്. ചൊവ്വാഴ്ചയാണ് മുത്തഛന്റെ (മാതാവിന്റെ അമ്മ) കൂടെ മാന്‍വി സ്റ്റേഷനിലെത്തിയത്. നാണയത്തുട്ടുകള്‍ ഇട്ടുവെക്കുന്ന അവളുടെ കാശുകുടുക്കയും ചേര്‍ത്തു പിടിച്ചായിരുന്നു വരവ്. ഐ.ജിയുടെ അടുത്ത് എത്തിയ പാടെ അവള് കാശ് നിട്ടി. മാതാവിന്റെ മരണം സംബന്ധിച്ച കേസ് വേഗത്തിലാക്കണമെന്നായിരുന്നു ആ കുരുന്നിന്റെ ആവശ്യം.
കൈക്കൂലി നല്കിയാല് മാത്രമേ കേസ് മുന്നോട്ടു പോവൂ എന്ന് എല്ലാവരും പറയുന്നു. അതിനാലാണ് കാശു കുടുക്ക കൊണ്ടുവന്നത്- ഐ.ജിക്കു നേരെ പണം നീട്ടവെ മാന്‍വി പറഞ്ഞു. എന്നാല്‍ ആ കുരുന്നിന്റെ പണം തിരികെ നല്കിയ ഐ.ജി കേസന്വേഷണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുമെന്ന് ഉറപ്പു നല്കി.
കഴിഞ്ഞ ഏപ്രിലിലാണ് മാന്‍വിയുടെ മാതാവ് സീമ കൗശിക് ആത്മഹത്യ ചെയ്യുന്നത്. എന്നാല്‍ മകളുടേത് ആത്മഹത്യയല്ലെന്ന് ആരോപിച്ച് പിതാവ് രംഗത്തെത്തിയിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ബന്ധുക്കളും മകളെ ഉപദ്രവിക്കാറുണ്ടെന്നായിരുന്നു ആരോപണം. അവളുടെ മേല്‍ അവര്‍ കള്ളക്കേസ് ചുമത്തിയിരുന്നു. പിന്നീട് കോടതി മകളെ വെറുതെ വിട്ടതാണെന്നും അദ്ദേഹം പറയുന്നു.
മാന്‍വിയുടെ പിതാവ് കേസുമായി ബന്ധപ്പെട്ട് ജയിലിലാണ്.