എയർ ഇന്ത്യയെ സ്വകാര്യവത്കരിക്കാൻ ഗ്രീൻ സിഗ്നൽ

0
73

ന്യൂഡൽഹി: എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കണമെന്ന നീതി ആയോഗിന്റെ നിർദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കടക്കെണിയിൽ മുങ്ങിയ എയർ ഇന്ത്യക്ക് കൂടുതൽ സഹായധനം നൽകുന്നത് ഒഴിവാക്കാനാണ് സ്വകാര്യവത്കരണം നടപ്പിലാക്കുന്നതെന്നാണ് വിശദീകരണം.

എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കുന്നതിനായി വിശദമായ മാർഗരേഖയാണ് നീതി ആയോഗ് മുന്നോട്ടുവെച്ചത്. 30,000 കോടിയുടെ വായ്പ എഴുതിത്തള്ളാനും നിർദേശമുണ്ടായിരുന്നു. എയർ ഇന്ത്യയുടെ കടം 50,000 കോടി വരും. പുതിയ വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് എടുത്ത വായ്പയാണ് ഇതിൽ 22,000 കോടിയും. 4,500 കോടിയാണ് വാർഷികപലിശയായി നൽകേണ്ടിവരുന്നത്. ഇത് എയർ ഇന്ത്യയുടെ മൊത്തം വരുമാനത്തിന്റെ 21 ശതമാനം വരും. എയർ ഇന്ത്യയുടെ വായ്പയും പ്രവർത്തനമൂലധനവും പുതിയ ഉടമകളുടെ ചുമതലയിലാക്കാനും പകുതി ബാധ്യത ഏറ്റെടുക്കാനുമാണ് നീതി ആയോഗിന്റെ നിർദേശം
അതേസമയം, എയർ ഇന്ത്യയുടെ 51 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ ടാറ്റ ഗ്രൂപ്പ് ശ്രമിക്കുന്നതായും ഇത് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. 1932ൽ ജെ.ആർ.ഡി ടാറ്റയുടെ നേതൃത്വത്തിൽ തുടങ്ങിയ ടാറ്റ എയർലൈൻസാണ് സ്വാതന്ത്ര്യാനന്തരം 1948ലാണ് എയർ ഇന്ത്യയായി മാറിയത്. 118 വിമാനങ്ങളുമായി ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനികളിലൊന്നാണ്എയർ ഇന്ത്യ.