ഷോപ്പിങ്ങിനിടയില്‍ കൈതട്ടി സാധനങ്ങള്‍ താഴെ വീഴുന്നതും പൊട്ടുന്നതും ഒരു വലിയ സംഭവമൊന്നുമല്ല. എന്നാല്‍ വെറും ഒരു വള വീണു പൊട്ടിയതിന്റെ പേരില്‍ ഉപഭോക്താവിന്റെ ബോധം പോയാലോ….അത് ഒരു ഒന്നൊന്നര സംഭവമായില്ലേ..ചൈനയിലാണ് ഈ മഹാസംഭവമുണ്ടായിരിക്കുന്നത്.
വിനോദ സഞ്ചാരത്തിനെത്തിയ യുവതിയാണ് ഇതിലെ നായിക. വള വാങ്ങുന്നതിനാണ് യുവതി കടയിലെത്തിയത്. തെരയുന്നതിനിടെ കൈയില്‍ നിന്നും വള താഴെ വീഴുകയും പൊട്ടുകയും ചെയ്തു. തന്റെ കയ്യില്‍ നിന്നുണ്ടായ പിഴവല്ലെ..വളയുടെ കാശ് കൊടുത്തേരക്കാം. യുവതി തീരുമാനിച്ചു. എന്നാല്‍ വളയുടെ വില കേട്ടതോടെ അവരുടെ ബോധം പോയി. 44,110 ഡോളര്‍. അതായത് ഇന്ത്യന്‍ രൂപ കണക്കാക്കിയാല്ഇരിപത്തിയെട്ടര ലക്ഷത്തോളം വരും വളയുടെ വില.
ബോധരഹിതയായ യുവതിയെ എഴുന്നേല്‍പ്പിക്കാന്‍ കടയിലുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഒടുവില്‍ ആശുപത്രിയില്‍ കൊണ്ടുപോയി അടിയന്തര ചികിത്സ നല്‍കിയതോടെയാണ് യുവതിക്ക് ബോധം വീണത്.
യുവതിയുടെ സാമ്പത്തികസ്ഥിതി മനസ്സിലാക്കിയ കടയുടമ നഷ്ടപരിഹാരത്തുകയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടുണ്ടെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 70,000 യുവാന്‍ (ഇന്ത്യന്‍ രൂപ 6,65,607.15) നല്കാന് യുവതിയുടെ കുടുംബം സമ്മതിച്ചതായി ഷങ്കായിസ്റ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.