ഖത്തറിനെതിരേ വീണ്ടും നടപടി

0
77

ദോഹ: അയല്‍ രാജ്യങ്ങള്‍ ഖത്തറിനെതിരേ കൂടുതല്‍ സാമ്പത്തിക ഉപരോധം പരിഗണിക്കുന്നതായി റഷ്യയിലെ യു.എ.ഇ അംബാസഡര്‍ ഉമര്‍ ഗോബാഷ്. തങ്ങളോടൊപ്പം നില്‍ക്കണോ ഖത്തറിനോടൊപ്പം നില്‍ക്കണോ എന്ന കാര്യം തീരുമാനിക്കാന്‍ വ്യാപാര പങ്കാളികളോട് ആവശ്യപ്പെടുമെന്ന് ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഭീകരതയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്നാരോപിച്ച് ഈ മാസം അഞ്ചു മുതലാണ് യു.എ.ഇ, സഊദി അറേബ്യ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയത്.

തങ്ങള്‍ക്ക് സ്വീകരിക്കാന്‍ സാധിക്കുന്ന ചില സാമ്പത്തിക ഉപരോധങ്ങള്‍ ഇപ്പോള്‍ പരിഗണിച്ച് വരികയാണെന്ന് ഉമര്‍ ഗോബാഷ് പറഞ്ഞു. ഒരു സാധ്യത, തങ്ങളുടെ വ്യാപാര പങ്കാളികളില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നതാണ്.

തങ്ങളോടൊപ്പം പ്രവര്‍ത്തിക്കണമെങ്കില്‍ വാണിജ്യപരമായ ഒരു തീരമാനത്തിലെത്തേണ്ടി വരും എന്ന് അവരോട് പറയുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഖത്തറിനെ ഗള്‍ഫ് കോ-ഓപറേഷന്‍ കൗണ്‍സിലില്‍ നിന്ന് പുറത്താക്കുക എന്നത് മാത്രമല്ല ഉപരോധത്തില്‍പ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.