ദിലീപും പള്‍സറും ഒരേ ടവറിനുള്ളില്‍; കേസില്‍ പുതിയ വഴിത്തിരിവ്

0
125

നടി ആക്രമിക്കപ്പെട്ട കേസ് പുതിയ വഴിത്തിരിവിലേക്ക്. കേസില്‍ മൊബൈല്‍ ടവറിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ നിര്‍ണായകമായ ചില സൂചനകള്‍ പോലീസിനു ലഭിച്ചെന്നാണ് അറിയാന്‍ കഴിഞ്ഞത്.

നടി കൊച്ചിയില്‍ വച്ച് ആക്രമിക്കപ്പെട്ടതിന് ഏതാനും ദിവസം മുന്‍പ് ദിലീപും കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയും ഒരോ മൊബൈല്‍ ഫോണ്‍ ടവറിന്റെ പരിധിയില്‍ ഉണ്ടായിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്.

ദിലീപിനെ കേസുമായി ബന്ധപ്പെടുത്താന്‍ തക്കതായ തെളിവുകള്‍ ഇതുവരെ പോലീസിനു ലഭിക്കാത്ത സാഹചര്യത്തില്‍ കേസില്‍ നിര്‍ണായകമായ വഴിത്തിരിവ് ഉണ്ടാക്കിയേക്കാവുന്ന ഒരു വിവരമാണിത്. ഒരു ചാനലില്‍ നടന്ന ഇന്റര്‍വ്യൂവിനിടെയാണ് ദിലീപ് നടിയുടെ പേരും നടിയും പള്‍സറും തമ്മിലുള്ള അടുത്ത സൗഹൃദത്തിന്റെ കാര്യവും പറഞ്ഞത്.

കേസുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിര്‍ഷയെയും ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ സംബന്ധിച്ച് വിവരം പോലീസിന് ലഭിക്കുന്നത്. വീണ്ടും ഇവരെ ചോദ്യം ചെയ്യുന്ന അവസരത്തില്‍ ഇക്കാര്യവും ഉള്‍പ്പെട്ടേക്കും.