തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് ആദ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേസില്‍ ഉള്‍പ്പെട്ടയാളെ എത്രനേരം ചോദ്യം ചെയ്യണമെന്ന് തീരുമാനിക്കുന്നത് പൊലിസാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വിവരങ്ങള്‍ പുറത്തുവന്നത് പിന്നീടാണ്. പൊലിസ് ചോദ്യം ചെയ്യലും അതിന്റെ വഴിക്കുനടക്കും. നടന് ദിലീപിനെ ഇത്ര മണിക്കൂര്‍ മാത്രമേ ചോദ്യം ചെയ്യാവൂ എന്ന് ബാഹ്യശക്തികള്‍ക്കു നിര്‍ദ്ദേശിക്കാനാവില്ല. ഇന്ന ചോദ്യങ്ങളേ ചോദിക്കാവൂ എന്ന് എഴുതി കൊടുത്തുള്ള കാര്യങ്ങളൊക്കെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണു നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൂര്‍ണ ഉത്തരവാദിത്തം പ്രധാനപ്രതിക്കാണെന്നു ഗൂഢാലോചനയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. തലശേരിയില്‍ നടന്ന പൊതുപരിപാടിയില്‍ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.