അക്രമങ്ങള്‍ നടക്കുന്നത് കര്‍ശനമായി തടഞ്ഞ നാടാണ് ഇന്ത്യയെന്നും, മനുഷ്യരെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പശുവിന്റെ പേരില്‍ നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. എന്തുകൊണ്ടാണ് ആളുകള്‍ ഇതു മറന്നു പ്രവര്‍ത്തിക്കുന്നത്. അക്രമരാഹിത്യമാണ് ഇന്ത്യയുടെ നയമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സബര്‍മതി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തനിക്കു വിഷമമുണ്ടായ ചില കാര്യങ്ങളില്‍ ചിലതു പറയാനുണ്ടെന്നു വ്യക്തമാക്കിയാണു മോദി ഗോസംരക്ഷണ വിഷയത്തിലേക്കു കടന്നത്. ഗോ സംരക്ഷണത്തിന്റെ പേരിലുള്ള മനുഷ്യഹത്യ ഗാന്ധിജി അംഗീകരിക്കില്ല. ആക്രമം ഒരിക്കലും ഒരു പ്രശ്നവും പരിഹരിക്കില്ല.
സമൂഹമെന്ന നിലയ്ക്കു എല്ലായിപ്പോഴും നമ്മള് ചരിത്രവുമായി ബന്ധപ്പെടണമെന്നും, മഹാത്മാ ഗാന്ധിയുടെ ചിന്തകള്‍ ലോകം ഇന്നു നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരമാണെന്നും അദ്ദേഹം പറഞ്ഞു.
അഹിംസയുടെ നാടാണിത്. മഹാത്മാ ഗാന്ധിയുടെ നാടാണിത്. എന്താണ് ഇക്കാര്യം നമ്മള് മറക്കുന്നത്. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സാക്ഷാല്കരിക്കാന് നാം പ്രയത്നിക്കണം. എല്ലാവരും സബര്‍മതി ആശ്രമം വന്നു സന്ദര്‍ശിക്കണമെന്നു മോദി ഈ അവസരത്തില്‍ ആവശ്യപ്പെട്ടു.