പുതിയ പാട്ടുകളിൽ നിലവിളി മാത്രമെന്ന് എം.ജി ശ്രീകുമാർ

0
133

ന്യൂജെൻ പാട്ടുകളിൽ നിലവിളിയും അലർച്ചയും മാത്രമേ ഉള്ളെന്ന് ഗായകൻ എം.ജി ശ്രീകുമാർ. പണ്ട്, കമ്പോസിംഗ്, റെക്കോഡിംഗ് എന്നൊക്കെ പറഞ്ഞാൽ തപസായിരുന്നു.രാവിലെ ഏഴ് മണിക്ക് തുടങ്ങിയാൽ12 മണിയാകുമ്പോൾ പാട്ട് പഠിക്കും. ഓർകസ്ട്ര നടക്കും. ഒരു മണിയാകുമ്പോഴും പാട്ടിന്റെ റെക്കോഡിംഗ് കഴിയും. അങ്ങനെ ഒറ്റയടിക്ക് പാടുമ്പോഴുള്ള സുഖം വേറെയാണ്. ഇപ്പോഴങ്ങനെയല്ല. എല്ലാവരും ഒരുമിച്ച് കൂടേണ്ട കാര്യവുമില്ല. പാട്ടുകാർ വരുന്നു പാടുന്നു, മ്യൂസിക് ഡയറക്ടർ മാത്രമേ കാണൂ.. എല്ലാം സെറ്റ് ചെയ്ത് വച്ചിരിക്കുകയാണ്. പാട്ടുകാർ വരുമ്പോൾ ഓരോ വരിയും കുത്തിയെടുക്കും. നേരിട്ട് പാടുമ്പോൾ കിട്ടുന്ന റിസൽറ്റ് ഇങ്ങനെ പാടുമ്പോൾ കിട്ടില്ലെന്നും എം.ജി ശ്രീകുമാർ പറഞ്ഞു.

എല്ലാഗായകരും ചേർന്ന് പാടുമ്പോൾ പാട്ടിനൊരു ഗ്രാഫുണ്ടായിരിക്കും. പല്ലവി പാടുമ്പോഴുള്ള അനുഭവമായിരിക്കില്ല അനുപല്ലവി സമയത്തുണ്ടാവുക. കുറേ കൂടി തീവ്രമായാണ് പാട്ട് അവസാനിപ്പിക്കുന്നത്. അതൊരു വല്ലാത്ത ഫീലിംഗാണ്. ഇപ്പോ വര വരക്കുന്നപോലെയാണ് പാട്ട് പോകുന്നത്. കയറ്റവുമില്ല, ഇറക്കവുമില്ല. കുറേ നിലവിലികൾ മാത്രം. ഒരു വരിയും രണ്ട് വരിയും കുത്തിയെടുക്കുമ്പോൾ അവിടെ എന്ത് വികാരം കൊണ്ടുവരാനാകും. ഇന്ന് റെക്കോഡ് ചെയ്ത പാട്ട് സംവിധായകന്റെ കയ്യിലെത്തുമ്പോൾ ഒരു മാസമെടുക്കും. ചിലപ്പോ പാട്ട് കൊടുത്തിട്ട് ഇനി ഇതിനകത്ത് ചില സംഗതി കൂടി കയറ്റുമെന്ന് പറയും. പണ്ട് അങ്ങനെയല്ല പാട്ട് റെക്കാഡ് ചെയ്ത് കഴിയുമ്പോൾ കാസറ്റ് ലഭിക്കും. ഇത് പല തവണ കേട്ടിട്ടാണ് സംവിധായകൻ പിക്ച്ചറൈസേഷൻ ചെയ്യുന്നത്. ഇപ്പോ ഷൂട്ടിംഗിനിടെയാണ് പാട്ട് എഴുതുന്നതും കമ്പോസ് ചെയ്യുന്നതും. അതിനിടെ എങ്ങനെയെങ്കിലും പാട്ടെടുക്കുമെന്നും എം.ജി ശ്രീകുമാർ പറഞ്ഞു.